Monday, April 29, 2024
spot_img

എം. ശ്രീശങ്കർ ഉള്‍പ്പെടെ 26 പേര്‍ അര്‍ജുന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി, പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ചിരാഗ് ചന്ദ്രശേഖര്‍ ഷെട്ടിയും സാത്വിക് സായ് രാജും ഏറ്റുവാങ്ങി

ദില്ലി: കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ബാഡ്മിൻ്റണ്‍ താരങ്ങളായ ചിരാഗ് ചന്ദ്രശേഖര്‍ ഷെട്ടിയും സാത്വിക് സായ് രാജും ഏറ്റുവാങ്ങി. ക്രിക്കറ്റ് ലോകകപ്പില്‍ മികച്ച പ്രകടനംവെച്ച പേസ് ബൗളര്‍ മുഹമ്മദ് ഷമി, ഏഷ്യന്‍ ഗെയിംസിലും കോമണ്‍ വെല്‍ത്ത് ഗെയിംസിലും ലോങ് ജംപില്‍ വെള്ളി മെഡല്‍ നേടിയ മലയാളി താരം എം. ശ്രീശങ്കര്‍ തുടങ്ങിയവരുള്‍പ്പെടെ 26 പേര്‍ അര്‍ജുന പുരസ്‌കാരങ്ങളും സ്വീകരിച്ചു. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രകായികവകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

അര്‍ജുന അവാര്‍ഡ് സ്വീകരിച്ചവര്‍: ഓജസ് പ്രവീണ്‍ ഡിയോട്ടാലെ, അദിതി ഗോപിചന്ദ് സ്വാമി (അമ്പെയ്‌ത്ത്), പരുള്‍ ചൗധരി, എം. ശ്രീശങ്കര്‍ (അത്ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്സിങ്), ആര്‍. വൈശാലി. (ചെസ്), മുഹമ്മദ് ഷമി (ക്രിക്കറ്റ്), അനുഷ് അഗര്‍വല്ല, ദിവ്യകൃതി സിങ്(അശ്വാഭ്യാസം), ദിക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ ബഹദൂര്‍ പഥക്, സുശീല ചാനു (ഹോക്കി), പവന്‍ കുമാര്‍, റിതു നേഗി (കബഡി), നസ്രീന്‍ (ഖൊ-ഖൊ), പിങ്കി (ലോണ്‍ ബോള്‍), ഐശ്വരി പ്രതാപ് സിങ് തോമര്‍, ഈഷ സിങ് (ഷൂട്ടിങ്), ഹരീന്ദര്‍ പാല്‍ സിങ് സന്ധു (സ്‌ക്വാഷ്), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്). സുനില്‍ കുമാര്‍, ആന്റിം പംഗല്‍ (ഗുസ്തി), നവോറെം റോഷിബിന ദേവി (വുഷു), ശീതള്‍ ദേവി (പാരാ ആര്‍ച്ചറി), ഇല്ലൂരി അജയ് കുമാര്‍ റെഡ്ഡി (ബ്ലൈന്‍ഡ് ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനോയിംഗ്).

മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം സ്വീകരിച്ചവര്‍: ലളിത് കുമാര്‍ (ഗുസ്തി), ആര്‍.ബി. രമേഷ് (ചെസ്), മഹാവീര്‍ പ്രസാദ് സൈനി (പാരാ അത്ലറ്റിക്സ്), ശിവേന്ദ്ര സിങ് (ഹോക്കി), ഗണേഷ് പ്രഭാകരന്‍ ദേവരൂഖര്‍ (മല്ലഖാംബ്). സമഗ്ര സംഭാവന പുരസ്‌കാരം: ജസ്‌കിരത് സിങ് ഗ്രേവാള്‍ (ഗോള്‍ഫ്), ഇ. ഭാസ്‌കരന്‍ (കബഡി), ജയന്ത കുമാര്‍ പുഷിലാല്‍ (ടേബിള്‍ ടെന്നീസ്).

ധ്യാന്‍ചന്ദ് സമഗ്ര സംഭാവന പുരസ്‌കാരം സ്വീകരിച്ചവര്‍: മഞ്ജുഷ കന്‍വാര്‍ (ബാഡ്മിന്റണ്‍), വിനീത് കുമാര്‍ ശര്‍മ (ഹോക്കി), കവിത സെല്‍വരാജ് (കബഡി). മൗലാന അബുല്‍ കലാം ആസാദ് ട്രോഫി: ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റി, അമൃത്സര്‍(വിജയി), ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി, പഞ്ചാബ് (ഫസ്റ്റ് റണ്ണറപ്പ്), കുരുക്ഷേത്ര യൂണിവേഴ്സിറ്റി, കുരുക്ഷേത്ര(സെക്കന്‍ഡ് റണ്ണറപ്പ്)

Related Articles

Latest Articles