Monday, April 29, 2024
spot_img

“ആത്മഹത്യ ചെയ്ത വിധികർത്താവിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതിന് ഞങ്ങൾ സാക്ഷികൾ”-കേരള സര്‍വകലാശാല യുവജനോത്സവത്തിലെ കോഴക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി രണ്ടും മൂന്നും പ്രതികൾ

കൊച്ചി : കേരള സര്‍വകലാശാല യുവജനോത്സവത്തിലെ കോഴക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റും സൂരജും. കേസിലെ ഒന്നാം പ്രതിയും പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മാർഗംകളിയുടെ വിധികർത്താവായിരുന്ന പി.എൻ.ഷാജിയെ (ഷാജി പൂത്തട്ട) എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി ഇരുവരും വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കണ്ണൂരിലെ വീട്ടിൽവച്ചാണ് ഷാജി ആത്മഹത്യ ചെയ്തത്. സെനറ്റ് ഹാളിന്റെ അടുത്തുള്ള മറ്റൊരു മുറിയിലേക്കു കൊണ്ടുപോയാണ് ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് പോലുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഷാജിയെ മർദ്ദിച്ചതെന്നും ഇവർ പറയുന്നു .

“മർദ്ദിക്കുന്നതിനിടെ, ‘എന്നെ ആവശ്യമില്ലാത്ത പ്രശ്നത്തിൽ കുരുക്കരുത്, ജീവിക്കാൻ വഴിയില്ല, ആത്മഹത്യ ചെയ്യും’ എന്ന് ഷാജി പറഞ്ഞിരുന്നു. ‘നീ എന്തെങ്കിലും പോയി കാണിക്ക്’ എന്നാണ് മർദിച്ചവർ മറുപടി പറഞ്ഞത്. എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. അഞ്ജു കൃഷ്ണയ്ക്കു പുറമെ വിമൽ വിജയ്, അക്ഷയ്, നന്ദൻ എന്നീ എസ്എഫ്ഐ നേതാക്കളും മർദ്ദിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. എസ്എഫ്ഐ പ്രവർത്തകരും തങ്ങളെ മർദ്ദിച്ചിരുന്നു” – ജോമറ്റും സൂരജും പറയുന്നു.

എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസിനെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കി. അതേസമയം കേസിൽ ഇരുവർക്കും ഇന്ന് ഹൈക്കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചു.

Related Articles

Latest Articles