Sunday, May 5, 2024
spot_img

പോളിംഗ് മണിക്കൂറുകൾ മാത്രമകലെ;
മേഘാലയയിൽ 33.24 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട !!
പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷം ഇതുവരെ പിടിച്ചെടുത്തത് 72.70 കോടി രൂപയുടെ വസ്തുക്കൾ!!

ഷില്ലോങ് : നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഘാലയയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. 33.24 കോടി രൂപയുടെ മയക്കുമരുന്നും 8.63 കോടി രൂപയും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 91 ലക്ഷം രൂപ വിലമതിക്കുന്ന വിലപിടിപ്പുള്ള ലോഹങ്ങൾ, 2.54 കോടിയുടെ മദ്യം, 27.37 കോടി രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവയാണ് ഇന്ന് മാത്രം പിടികൂടിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ജനുവരി 18 മുതൽ ഇതുവരെ ആകെ 72.70 കോടി രൂപയുടെ വസ്തുക്കൾ സംസ്ഥാനത്ത് നിന്നും പിടിച്ചെടുത്തതായി ചീഫ് ഇലക്ടറൽ ഓഫീസർ എഫ്ആർ ഖാർകോൻഗോർ വ്യക്തമാക്കി.

മേഘാലയയിൽ 12 ജില്ലകളിലെ 60 നിയമസഭാ സീറ്റുകളിൽ 59 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി എച്ച് ഡോങ്കുപാർ റോയ് ലിംഗ്ദോയുടെ മരണപ്പെട്ടതിനെ തുടർന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സോഹിയോങ് നിയമസഭാ മണ്ഡലത്തിൽ നാളെ വോട്ടെടുപ്പ് ഉണ്ടാകില്ല. 36 വനിതകൾ ഉൾപ്പെടെ 369 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

അയൽ സംസ്ഥാനമായ നാഗാലാൻഡിലും നാളെയാണ് വോട്ടെടുപ്പ് നടക്കുക. ഇന്നലെ വൈകുന്നേരത്തോടെ സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിച്ചു. ഇരു സംസ്ഥാനങ്ങളിലും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മണ്ഡലത്തിൽ ഒരു ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാൽ നാഗാലാൻഡിലെ 60 സീറ്റുകളിൽ 59 സീറ്റുകളിലേക്കാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുക. നാല് വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 183 സ്ഥാനാർത്ഥികളാണ് നാഗാലാൻഡിൽ ജനവിധി തേടുന്നത്. രണ്ട് സംസ്ഥാനങ്ങളിലെയും ജനവിധി മാർച്ച് രണ്ടിന് അറിയാം.

Related Articles

Latest Articles