ചണ്ഡീഗഢ്: പ്രശസ്ത പഞ്ചാബി റാപ് ഗായകന്‍ സിദ്ദു മൂസൈവാലയുടെ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ കൊല്ലപ്പെട്ടു. തരണ്‍ തരണ്‍ ജില്ലയിലെ ഗോയിന്ദ്‌വാല്‍ സാഹിബ് ജയിലില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. തുഫാന്‍ എന്ന മന്‍ദീപ് സിംഗ്, മോഹന എന്ന മന്‍മോഹന്‍ സിംഗ് എന്നിവരാണ് മരിച്ചത്. മറ്റൊരു പ്രതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2022 മെയ് 28ന് പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയില്‍ വച്ചാണ് കരിയറിൽ കത്തി നിൽക്കവേ സിദ്ദു മൂസൈവാല കൊല്ലപ്പെട്ടത്. എഎപി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കനത്ത സുരക്ഷയിൽ ഇളവ് വരുത്തി 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിക്കുന്നത്. അദ്ദേഹം സഞ്ചരിച്ച കാറിന് നേരെ മുപ്പത് റൗണ്ടാണ് ആക്രമികള്‍ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അദ്ദേഹം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റിൽ മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെടുകയായിരുന്നു.

