Monday, April 29, 2024
spot_img

ട്രക്കിനുള്ളിൽ 46 അഭയാർത്ഥികൾ ശ്വാസം മുട്ടി മരിച്ച നിലയിൽ; അപകട കാരണം ഉയർന്ന താപനിലയെന്ന് നിഗമനം

ടെക്‌സാസ്: ട്രക്കിനുള്ളിൽ 46 അഭയാർത്ഥികളെ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തി. സാൻ അന്റോണിയോ നഗരത്തിനടുത്ത് റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമേരിക്കയിലെ ടെക്‌സാസിന്റെ സമീപ പ്രദേശമായ സാൻ അന്റോണിയോയിലാണ് അപകടമുണ്ടായത്. ഇവർ മെക്‌സിക്കൻ സ്വദേശികളായ അഭയാർത്ഥികളാണെന്നാണ് ലഭിക്കുന്ന വിവരം. അമേരിക്കയിലേക്ക് എത്താനുള്ള ശ്രമത്തിനിടെ അപകടമുണ്ടായെന്നാണ് കരുതുന്നത്.

വലിയ ട്രക്കിനുള്ളിലാണ് 46 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രക്കിനുള്ളിൽ നിന്ന് അവശനിലയിലുള്ള 16 പേരെ കണ്ടെത്തിയിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ നാല് പേർ കുട്ടികളാണ്. മെക്സിക്കൻ അതിർത്തിയിൽ നിന്ന് 250 കിലോ മീറ്റർ അകലെയാണ് ട്രക്ക് കിടന്നിരുന്നതെന്നും പ്രദേശത്തെ താപനില 99 ഫാരൻഹീറ്റ് ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു.
അതിനാൽ തന്നെ ഉയർന്ന താപനിലയാകാം മരണ കാരണമെന്നാണ് അധികൃതരുടെ നിഗമനം. ട്രക്കിനുള്ളിൽ 46 ഡിഗ്രി സെൽഷ്യസ് താപനില ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്.

എയർ കണ്ടീഷൻ സൗകര്യമോ വെള്ളമോ അവശ്യവസ്തുക്കളോ ഒന്നും തന്നെ ട്രക്കിൽ ഉണ്ടായിരുന്നില്ല. 18 ചക്രങ്ങളുള്ള കൂറ്റൻ ട്രക്കായിരുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കൻ സമയം തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്കായിരുന്നു പ്രദേശവാസി ട്രക്ക് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിലാണ്. അതേസമയം ഡ്രൈവർ ഒളിവിലാണെന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുകയാണെന്ന് ടെക്‌സാസ് പോലീസ് അറിയിച്ചു.

Related Articles

Latest Articles