Thursday, May 9, 2024
spot_img

67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും: മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങും; ഇത്തവണയും ഉപരാഷ്ട്രപതി അവാർഡ് സമ്മാനിക്കും

ദില്ലി: 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. രാവിലെ 11ന് ദില്ലി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. പതിമൂന്ന് പുരസ്‌കാരങ്ങളാണു മലയാളത്തിനുള്ളത്. പ്രിയദർശൻ, മോഹൻലാൽ കൂട്ടുകെട്ടിന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ അടക്കം പുരസ്‌കാരവേദിൽ മലയാളി തിളക്കം കൊണ്ട് ശ്രദ്ധേയമാകും.

ഹിന്ദി ചിത്രമായ ബഹത്തര്‍ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരന്‍ സിങ് ചൗഹാനാണ് മികച്ച സംവിധായന്‍. തമിഴ്‌നടന്‍ ധനുഷും ഹിന്ദി നടന്‍ മനോജ് ബാജ്‌പെയ്യും മികച്ച നടനും, കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റ് വാങ്ങും. 67-ാം ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് അക്ഷരാർത്ഥത്തിൽ ദക്ഷിണേന്ത്യൻ സിനിമകളുടെ മേധാവിത്തമാണ്. സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ്‌സേതുപതിക്കാണ്. സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതിയും ചടങ്ങില്‍ ഏറ്റുവാങ്ങും.

പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങും. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി. ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയറും ഏറ്റുവാങ്ങും. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജെല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരനാണ്. മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാവർമ്മയും, മികച്ച മേക്കപ്പ് ആർട്ടിസ്റ്റനുള്ളത് രഞ്ജിത്തും ചമയത്തിന് സുജിത്ത് സുധാകരൻ, സായി എന്നിവരും സ്വീകരിക്കും.

പുരസ്‌കാര വിതരണത്തിന് ഇത്തവണയും രാഷ്ട്രപതിയില്ല. ഉപരാഷ്ട്രപതിയായിരിക്കും പുരസ്‌കാരങ്ങള്‍ നല്‍കുക. നേരിട്ട് വാങ്ങാത്തവർക്ക് അവാർഡ് അയച്ചുകൊടുക്കുന്നതും അവസാനിപ്പിച്ചു. പകരം ഡല്‍ഹി ഫിലിം ഫെസ്റ്റിവല്‍ ഡയറക്‌ട്രേറ്റില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്.

Related Articles

Latest Articles