Tuesday, April 30, 2024
spot_img

മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടം, മത്സ്യത്തൊഴിലാളികളെ കാണാതായി, ഒരാളെ രക്ഷപ്പെടുത്തി

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ വള്ളമാണ് മറിഞ്ഞത്. പൊന്നാനി സ്വദേശികളായ ഇബ്രാഹിം, ബീരാൻ, മുഹമ്മദലി, ഹംസക്കുട്ടി എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഹംസക്കുട്ടിയെ മറ്റൊരു ബോട്ടിലുണ്ടായിരുന്നവർ രക്ഷിപ്പെടുത്തി. മറ്റ് മൂന്നു പേരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കാണാതായ ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് ഫൈബർ വളളം.

ഇന്നലെ മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ബോട്ട് മറിഞ്ഞതോടെ നീന്തി രക്ഷപ്പെടാൻ ശ്രമിച്ച ഹംസക്കുട്ടിയെ മറ്റൊരു മത്സ്യബന്ധന ബോട്ടിലുള്ളവരാണ് രക്ഷപ്പെടുത്തിയത്. അവശ നിലയിലായ ഇയാളെ വൈകിട്ട് മൂന്ന് മണിയോടെ കരയ്ക്ക് എത്തിച്ചു. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അതേ സമയം, അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ കേരള തീരം ലക്ഷ്യമാക്കി നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. മറ്റന്നാൾ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്നതിനാൽ മറ്റന്നാൾ വരെ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി.

Related Articles

Latest Articles