ചരിത്രപ്രധാനമായ അയോധ്യ വിധിയ്ക്ക് (Ayodhya Case)ഇന്ന് രണ്ടു വർഷം. 134 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് 2019 നവംബര്‍ 9ന് കേസിൽ സുപ്രീംകോടതി ചരിത്രവിധി പ്രഖ്യാപിച്ചത്. ദേശീയ തലത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു അയോധ്യ തര്‍ക്കവിഷയത്തില്‍ ഉണ്ടായ സുപ്രീം കോടതിവിധി. നൂറ്റാണ്ടുകളായി, സാമുദായിക അസ്വസ്ഥതകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണമായി പരിണമിച്ച സങ്കീര്‍ണ്ണവും വൈകാരികവുമായ ഒരു സമസ്യ ഇതോടെ പരിഹരിക്കപ്പെട്ടു. സ്വതന്ത്രാനന്തരഭാരതത്തിന്റെ നോവായി അവശേഷിച്ച രണ്ട് ദേശീയ പ്രശ്‌നങ്ങളില്‍ തികച്ചും സമാധാനപരമായ തീര്‍പ്പുണ്ടാകുന്നത് കാണാനുള്ള ഭാഗ്യവും ഈ കാലഘട്ടത്തില്‍ നമുക്കുണ്ടായി. അതില്‍ ശ്രീരാമജന്മഭൂമി -ബാബറിമസ്ജിദ് തര്‍ക്ക വിഷയം സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പരിഹരിക്കപ്പെട്ടപ്പോള്‍ കാശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന 370-ാം വകുപ്പ് റദ്ദ് ചെയ്യാന്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ കേന്ദ്രസര്‍ക്കാറിന്റേയും അവസരോചിതവും ബുദ്ധിപൂര്‍വ്വവുമായ ഇടപെടലുള്‍കൊണ്ട് സാധ്യമായി. പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലൂടെ മുന്നേറാനുള്ള ഇന്ത്യന്‍ ജനതയുടെ അഭിവാഞ്ചയെ തടസ്സപ്പെടുത്തുന്ന രണ്ട് പ്രശ്‌നങ്ങള്‍ക്കും ഭരണഘടനാ സംവിധാനങ്ങളിലൂടെ പരിഹാരം കാണാന്‍ സാധിച്ചത് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ വിജയമായി തന്നെ കണക്കാക്കേണ്ടതാണ്. എന്നാല്‍ സുപ്രീം കോടതി വിധിയെ സംബന്ധിച്ച് പുകമറസൃഷ്ടിക്കാനും ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു. തര്‍ക്കവിഷയത്തില്‍ ഉണ്ടായ കോടതിയുടെ അന്തിമ വിധി ഇന്ന് ആര്‍ക്കും ലഭ്യമാണ്.

അലഹബാദ് ഹൈക്കോടതി ഫുള്‍ ബെഞ്ച് വിചാരണ നടത്തി വിധി (Ayodhya Verdict) പ്രഖ്യാപിച്ച അയോധ്യ വിഷയവുമായി ബന്ധപ്പെട്ട അഞ്ച് സിവില്‍ കേസുകളില്‍ ഫയലാക്കിയ 14 അപ്പീലുകളാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പെടെയുള്ള അഞ്ചംഗ ബഞ്ചാണ് ഈ അപ്പീലുകളില്‍ വാദം കേട്ട് ഐകകണ്ഠമായി വിധി പ്രസ്താവിച്ചത്. 2019 ആഗസ്റ്റ് മാസം ആറിന് പുറപ്പെടുവിച്ച വിധി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ കുറിക്കപ്പെട്ട ഒന്നായി തീര്‍ന്നു. ഏതെങ്കിലും വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ല ഈ വിധി. മുഴുവന്‍ ഭാരതീയരും ഈ വിധിയിലൂടെ വിജയം വരിച്ചവരായി തീര്‍ന്നിരിക്കുന്നു.
കേസിലെ നാൾ വഴികൾ ഇങ്ങനെ…
1526 ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി മുഗള്‍സാമ്രാജ്യ സ്ഥാപകനായ ബാബര്‍ ഇന്ത്യയിൽ ആധിപത്യമുറപ്പിച്ചു
1528 പാനിപ്പത്ത് യുദ്ധവിജയത്തിന്റെ ഓർമ്മയ്ക്കായി ബാബറിന്റെ നിർദ്ദേശ പ്രകാരം സൈന്യാധിപനായ മിര്‍ ബാഖി ബാബറി മസ്ജിദ് പണികഴിപ്പിച്ചു.
1853 രാമക്ഷേത്രം തകര്‍ത്താണ് പള്ളി സ്ഥാപിച്ചതെന്ന തർക്കം ഉന്നയിച്ച് നിര്‍മോഹി അഖാഡരംഗത്തെത്തി
1885 അയോധ്യയിൽ ക്ഷേത്രം പണിയാൻ അനുമതി തേടി മഹന്ത് രഘുബീര്‍ ഫൈസാബാദ് കോടതിയെ സമീപിച്ചു. ഈ ഹർജി കോടതി തള്ളി
1946 അയോധ്യയിൽ അവകാശവാദമുന്നയിച്ച് അഖില ഭാരതീയ രാമായണ മഹാസഭ സമരം തുടങ്ങി
1949 പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ നീക്കംചെയ്യാനുള്ള ശ്രമം കോടതി തടഞ്ഞു
1950 മസ്ജിദിനുള്ളിലുള്ള വിഗ്രഹങ്ങളില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരംഹംസ രാമചന്ദ്രദാസ് എന്നിവര്‍ ഫൈസാബാദ് കോടതിയെ സമീപിച്ചു
1959 തര്‍ക്കഭൂമിയില്‍ അവകാശമുന്നയിച്ച് നിര്‍മോഹി അഖാഡ കോടതിയിലേക്ക്
1981 ഉത്തര്‍പ്രദേശിലെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചു
1986 ഫെബ്രുവരി 01-തര്‍ക്കഭൂമിയിൽ ഹിന്ദുക്കള്‍ക്കും ആരാധന നടത്താമെന്ന് കോടതി ഉത്തരവിട്ടു
1989 നവംബര്‍ 09-അയോധ്യയിൽ വിശ്വഹിന്ദു പരിഷത്തിന‍്റെ നേതൃത്വത്തിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ടു
1990 സെപ്റ്റംബര്‍-രാമക്ഷേത്രനിര്‍മാണത്തിന് പിന്തുണതേടി എല്‍.കെ. അദ്വാനിയുടെ രാജ്യവ്യാപകമായി രഥയാത്ര നടത്തി
1991 ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. അധികാരത്തിലെത്തിയതിനു പിന്നാലെ മസ്ജിദിനോടു ചേര്‍ന്നുള്ള വഖഫ് ബോര്‍ഡിന്റെ 2.77 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
1992 ഡിസംബര്‍ 06- ബാബറി മസ്ജിദ് പൊളിച്ചു. രാജ്യത്താകമാനം ഉണ്ടായ സംഘർഷത്തിൽ രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടു
1992 ഡിസംബര്‍ 16- ബാബറി മസ്ജിദ് പൊളിച്ചത് അന്വേഷിക്കാന്‍ലിബര്‍ഹാന്‍ കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തി
1994 ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ തീരുമാനമാകുന്നതുവരെ തത്സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു
2002 ഏപ്രില്‍: ഉടമസ്ഥാവകാശം സംബന്ധിച്ച നാലുകേസും അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക്
2010 സെപ്റ്റംബര്‍ 30- തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കും മൂന്നായി വിഭജിച്ചുകൊണ്ട് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിട്ടു
2011 മേയ് ഒമ്പത്-അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
2017 മാര്‍ച്ച്- കേസ് കോടതിക്കുപുറത്ത് ഒത്തുതീര്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ ഹർജിക്കാരോട് നിർദ്ദേശിച്ചു
2018 ഫെബ്രുവരി- സുപ്രീംകോടതി സിവില്‍ അപ്പീലുകള്‍ കേള്‍ക്കാന്‍ തുടങ്ങി
2018 ജൂലായ് 20 -സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവച്ചു
2019 ജനുവരി എട്ട്-കേസ് കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് രൂപീകരിച്ചു
2019 ജനുവരി 29-പിടിച്ചെടുത്ത 67 ഏക്കര്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
2019 ഫെബ്രുവരി 26 – കേസില്‍ മധ്യസ്ഥതാ ശ്രമവുമായി സുപ്രീം കോടതി
2019 മാര്‍ച്ച് എട്ട്- മുന്‍ ജഡ്ജി എഫ്.എം. കലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരുള്‍പ്പെടുന്ന മൂന്നംഗ മധ്യസ്ഥസമിതി സുപ്രീംകോടതി രൂപീകരിച്ചു
2019 മേയ് 10-മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചു
2019 ഓഗസ്റ്റ് 06 -കേസില്‍ സുപ്രീംകോടതി വിചാരണ തുടങ്ങി
2019 ഒക്ടോബര്‍ 14 – അയോധ്യയില്‍ ഡിസംബര്‍ പത്തുവരെ യു.പി. സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
2019 ഒക്ടോബര്‍ 16- കോസിൽ വിചാരണ പൂര്‍ത്തിയായി
2019 നവംബര്‍ 09- അന്തിമ വിധി. തര്‍ക്കഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് നൽകി
2019 നവംബർ 11 – മുൻയുപി മുഖ്യമന്ത്രിയും നിലവിൽ രാജസ്ഥാൻ ഗവർണറുമായ കല്ല്യാൺ സിങിനെതിരെ അരഡസനിലകം തെളിവുകൾ സിബിഐ നിരത്തി. 1026 സാക്ഷികളിൽ മൂന്നൂറില്‍പ്പരമാളുകള്‍ കോടതിയിൽ ഹാജരായി മൊഴി നൽകി
2020 മേയ് 8 – ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി 2020 ഓഗസ്റ്റ് 31-നകം വിധി പറയണമെന്ന് സുപ്രീം കോടതി വിധി.
2020 ഓഗസ്റ്റ് 22 – വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി ഒരു മാസം കൂടി സമയം അനുവദിച്ചു.
2020 സെപ്തംബർ 30: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ബാബ്റി മസ്ജിദ് തകർത്തത് ആസൂത്രിതമായല്ല എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു

