Thursday, January 1, 2026

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര സർക്കാരുമായുള്ള വനംമന്ത്രിയുടെ കൂടിക്കാഴ്‌ച നാളെ

കോഴിക്കോട്: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണും. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വനം വകുപ്പിന്റെ അനുവാദമില്ലാതെ അവയെ വെടിവെച്ചു കൊല്ലാനാവും. നാളെ ദില്ലിയിലാണ് കൂടിക്കാഴ്ച.

വിശദമായ പദ്ധതി രേഖയുമായാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനം വരുന്നതോടെ കർഷകരുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാകും. വനംവകുപ്പ് ഉദ്യോഗസ്‌ഥർക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസൻസ് ഉള്ളവർക്കുമാണ് നിലവിൽ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാൻ അനുമതിയുള്ളത്. 2022 മെയ് വരെ ഇതിന് അനുവാദമുണ്ട്. എന്നാൽ, ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഇവയെ വനത്തിന് പുറത്ത് വെച്ച് ആർക്ക് വേണമെങ്കിലും കൊല്ലാം. അതിന് വനംവകുപ്പിന്റെ അനുമതി ആവശ്യമില്ല.

ഈ വര്‍ഷം നാലുപേര്‍ കാട്ടുപന്നി ആകമണത്തില്‍ കൊല്ലപ്പെട്ടു. 10335 കാട്ടുപന്നി ആക്രമണ സംഭവങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി. എന്നാല്‍ വനങ്ങളിലെന്നതുപോലെ ജനവാസ മേഖലകളിലും ഈ വന്യജീവി പെറ്റു പെരുകുന്നു. അതിനാല്‍ തന്നെ കേരളത്തില്‍ കാട്ടുപന്നികള്‍ എത്രത്തോളമെന്നോ എവിടെയെല്ലാമെന്നോ ആര്‍ക്കും വ്യക്തതയില്ല.

Related Articles

Latest Articles