Thursday, January 8, 2026

ജനറൽ റാവത്തിനെ അധിക്ഷേപിച്ച് പോസ്റ്റ്; വിവിധ സംസ്ഥാനങ്ങളിലായി എട്ടുപേർ അറസ്റ്റിൽ; കേരളാ പോലീസിനു മാത്രം ഇപ്പോഴും മൗനം

ദില്ലി: തമിഴ്നാട്ടിലെ കൂനൂരിൽ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ (General Bipin Rawat) അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിട്ട സംഭവത്തിൽ കൂടുതൽപേർ പിടിയിൽ. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിൽ എട്ടുപേരാണ് അറസ്റ്റിലായത്. ജമ്മുകശ്മീർ,മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ, എന്നിവിടങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഏറ്റവും കൂടുതൽപേർ പിടിയിലായത് രാജസ്ഥാനിലാണ്. മൂന്നുപേരാണ് ഇവിടെ മാത്രം പിടിയിലായത്.

എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ മലയാളത്തിൽ തന്നെ നിരവധി അധിക്ഷേപപോസ്റ്റുകൾ വന്നിരുന്നെങ്കിലും കേരളാ പോലീസ് ഈ വിഷയത്തിൽ ഇതുവരെ കേസുകൾ ഒന്നും എടുത്തതായി റിപ്പോർട്ടുകളോ, വിവരങ്ങളോ ഒന്നുംതന്നെ ഇല്ല. ഇതിനെതിരെ കനത്ത രോഷം ഉയരുന്നുണ്ട്.

അതേസമയം ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച (Helicopter Crash) സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട സർക്കാർ പ്ലീഡർ രശ്മിത രാമചന്ദ്രനെതിരെ നടപടി ഉണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ. അഡ്വക്കേറ്റ് രശ്മിതക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും സ്വാഭാവിക നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കിയ എ.ജി എന്താകും നടപടിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിശദീകരിച്ചു. ബിപിന്‍ റാവത്തിനെതിരായ പോസ്റ്റമായി ബന്ധപ്പെട്ട് രശ്മിത രാമചന്ദ്രനെതിരെ വിമുക്ത ഭടന്മാരാണ് കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പന് പരാതി നല്‍കിയത്.

മരണം ആരെയും വിശുദ്ധനാക്കുന്നില്ലെന്ന വാദത്തോടെയായിരുന്നു രശ്മിതയുടെ സമൂഹ മാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍. എജി രശ്മിതയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമുക്ത ഭടന്മാര്‍ രംഗത്തെത്തിയത്. കരസേനയില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ സുന്ദരന്‍ കെ, രംഗനാഥന്‍ ഡി, വ്യോമ സേനയില്‍ നിന്ന് വിരമിച്ച സാര്ജന്‍റ് സഞ്ജയന്‍ എസ്, സോമശേഖരന്‍ സി ജി എന്നിവരാണ് എജിയെ സമീപിച്ചത്.

നേരത്തെ ബിപിൻ റാവത്തിനെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട ഗവൺമെന്‍റ് പ്ലീഡർ അഡ്വ. രശ്മിത രാമചന്ദ്രനെതിരെ യുവമോർച്ച നേതാവ് പരാതി നൽകിയിരുന്നു. യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി ശ്യാം രാജാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അഡ്വക്കേറ്റ് ജനറലിനും പരാതി നൽകിയത്. പരാതി നൽകിയ വിവരം ഫേസ്ബുക്കിലൂടെയാണ് ശ്യാം രാജ് അറിയിച്ചത്. രശ്മിതയുടേത് സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളെന്നും പരാതിക്കാരന്‍ ആരോപിച്ചു. സർക്കാർ അഭിഭാഷക ചുമതലയില്‍ നിന്നും രശ്മിത രാമചന്ദ്രനെ നീക്കണമെന്നും പരാതിയില്‍ പറയുന്നു.ജനറൽ ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ മരിച്ചുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിൽ അഡ്വ. രശ്മിത രാമചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ഭരണഘടനാ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് ബിപിൻ റാവത്തിനെ സംയുക്ത സൈനിക മേധാവിയാക്കിയതെന്നും, മരണം ആരെയും വിശുദ്ധരാക്കില്ലെന്നുമായിരുന്നു അഡ്വ. രശ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റ്. തോന്നിയതെന്തും വിളിച്ചുപറയുന്നതാണ് ഗവൺമെന്‍റ് പ്ലീഡറുടെ ജോലിയെന്ന് തെറ്റിദ്ധരിക്കരുതെന്ന് ശ്യാം രാജ് വ്യക്തമാക്കി. അന്തരിച്ച സംയുക്ത സൈനിക മേധാവിയെക്കുറിച്ച് രശ്മിത ഫേസ്ബുക്കിലെഴുതിയത് അസത്യങ്ങളാണെന്നും ശ്യാം രാജ് പ്രതികരിച്ചു. ഒരു വശത്ത് ചൈനയും, മറുവശത്ത് പാകിസ്താനും ഇല്ലാതാക്കാൻ തക്കം പാർത്തിരിയ്‌ക്കുന്നൊരു രാജ്യത്തിന്‍റെ ഉള്ളിൽ നിന്നു തന്നെ ഇത്തരത്തിൽ അഭിപ്രായങ്ങളുണ്ടാവുന്നത് പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലെന്നും ശ്യാംരാജ് പറഞ്ഞു.

Related Articles

Latest Articles