Wednesday, May 8, 2024
spot_img

കേപ്ടൗൺ ടെസ്റ്റ് ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ഡ്രൈവിംങ് സീറ്റിൽ

കേപ്ടൗൺ: ഇന്ത്യയ്ക്കെതിരായ 3–ാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 210 റൺസിനു പുറത്ത്. ഒരു വിക്കറ്റിനു 17 റൺസ് എന്ന സ്കോറിൽ 2–ാം ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് ചായയ്ക്കു ശേഷം അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 223 റൺസിനു പുറത്തായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 13 റൺസ് ലീഡായി. അർധ സെഞ്ചുറി നേടിയ കീഗൻ പീറ്റേഴ്സനാണു (72) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 42 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ 2 വിക്കറ്റ് വിക്കറ്റ് വീതവും വീഴ്ത്തി. ഷാർദൂൽ ഠാക്കൂറിന് ഒരു വിക്കറ്റും ലഭിച്ചു.

2–ാം ദിവസത്തെ ആദ്യ ഓവറിൽത്തന്നെ, ഓപ്പണർ ഏയ്ഡൻ മാർക്രത്തെ (8) ബോൾഡാക്കിയ ബുമ്ര ഇന്ത്യയ്ക്ക് ആശിച്ച തുടക്കം നൽകി. 25 റൺസെടുത്ത കേശവ് മഹാരാജിനെ ഉമേഷ് യാദവും ബോൾഡാക്കി.

3 വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ 4–ാം വിക്കറ്റിൽ ഒത്തു ചേർന്ന പീറ്റേഴ്സൻ– ദസ്സൻ സഖ്യം കര കയറ്റുന്നതാണ് പിന്നീടു കണ്ടത്.67 റൺസ് ചേർത്തതിനു ശേഷമാണു സഖ്യം വേർപിരിഞ്ഞത്. ദസ്സനെ (28) പുറത്താക്കിയ ഉമേഷ് യാദവ് കൂട്ടുകെട്ടു പൊളിച്ചു. തെംബ ബവൂമയെ (28) മുഹമ്മദ് ഷമി പുറത്താക്കി. വിക്കറ്റ് കീപ്പർ കെയ്ൽ വെരെയ്നെ (0) മുഹമ്മദ് ഷമി മടക്കിയപ്പോൾ മാർക്കോ ജെൻസനെ (7) ബോൾഡാക്കിയ ബുമ്ര കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കി. 7 വിക്കറ്റിന് 176 എന്ന സ്കോറിലാണു ദക്ഷിണാഫ്രിക്ക ചായയ്ക്കു പിരിഞ്ഞത്.

ചായയ്ക്കു ശേഷം ബുമ്രതന്നെ പീറ്റേഴ്സനെയും മടക്കി. റബാദയെ (15) ശാർദൂൽ ഠാക്കുറാണു പുറത്താക്കിയത്. ലുങ്കി എൻഗിഡിയെ (3) പുറത്താക്കി ബുമ്ര വിക്കറ്റ് നേട്ടം അഞ്ചാക്കി. ഡ്യുവാൻ ഒലിവിയർ (10) പുറത്താകാതെ നിന്നു.

Related Articles

Latest Articles