തിരുവനന്തപുരം: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പ് ധർമരാജിനെ ഇഡി പിടികൂടി. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്നതിനിടയിലാണ് ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്. ബിഷപ്പിനെ കള്ളപ്പണ കേസിൽ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ബിഷപ്പ് യുകെയിലേക്ക് പോകാനിരിക്കെയായിരുന്നു ചോദ്യം ചെയ്യൽ. വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എൻഫോഴ്സ്മെന്റ് നിർദേശം നൽകിയിരുന്നു. കൂടാതെ നാളെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ബിഷപ്പിന് നോട്ടീസും നൽകിയിട്ടുണ്ട്. എന്നാൽ രാത്രി ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ബിഷപ്പ് ധർമരാജ് റസാലത്തെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത്. അതേസമയം, ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിന് മുന്നേ സിഎസ്ഐ സഭാ സെക്രട്ടറിയായ പ്രവീൺ വിദേശത്തേക്ക് കടന്നിരുന്നു.
കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇന്നലെ ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തത്. മെഡിക്കൽ സീറ്റിനായി നിരവധി പേരിൽ നിന്നും പണം വാങ്ങിയ ശേഷം അഡ്മിഷൻ നൽകിയില്ലെന്നാണ് പരാതി. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 2016 മുതൽ തലവരിപ്പണം കൈപ്പറ്റിയെന്ന് പരീക്ഷാ മേൽനോട്ട സമിതിക്ക് മുന്നിൽ ബിഷപ്പ് ധർമരാജ് റസാലം സമ്മതിച്ചിരുന്നു.
കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാർത്ഥികൾ അടക്കം 24 പേരിൽ നിന്നായിരുന്നു ലക്ഷങ്ങൾ കോഴയായി വാങ്ങിയത്. 92 ലക്ഷം വരെയായിരുന്നു കോഴ വാങ്ങിയത്. കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം, വിശ്വാസ വഞ്ചന,കബളിപ്പക്കൽ,പണം തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്.
കോളേജ് ചെയർമാനായ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 2014 ൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന ഡോ ബെനറ്റ് എബ്രഹാം,ബിഷപ് എ ധർമ്മരാജ് എന്നിവരടക്കമുള്ളവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

