കൊച്ചി: ക്ലാസ് മുറിയിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നാൽ ഫ്രീസെക്‌സിന് വഴിതുറക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കുട്ടികളുടെ ശ്രദ്ധ പഠനത്തിൽ നിന്നും വഴി തിരിയാൻ സാധ്യത എന്നുമാണ് ഇവരുടെ വാദം. ആൺപെൺ വ്യത്യാസമില്ലാതെ ഒരു ബെഞ്ചിലിരുന്ന് പഠിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നും പിഎംഎ സലാം പറഞ്ഞു.
”എല്ലാ മതവിശ്വാസികളും ഇതിനെതിരാണ്. ധാർമ്മിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന തലമുറയാണ് രാജ്യത്തിന് ആവശ്യം. അല്ലാതെ ഇതുപോലെ ലിബറലും ഫ്രീസെക്‌സുമായി മുന്നോട്ട് പോകുമ്പോൾ രാജ്യത്ത് അരാജകത്വമുണ്ടാകും.” സലാം പറഞ്ഞു.
ഒരേ ബെഞ്ചിൽ വ്യത്യസ്ത ലിംഗക്കാരായ വിദ്യാർത്ഥികളെ ഇരുത്തി പഠിപ്പിച്ചാൽ അത് കുട്ടികളിൽ സ്വഭാവദൂഷ്യമുണ്ടാക്കുമെന്ന വിലയിരുത്തലിൽ ഉറച്ചുനിൽക്കുകയാണ് മുസ്ലീം ലീഗ്. ലിബറിലിസം കൊണ്ടുവന്ന് പരാജയപ്പെട്ടതിന് ജപ്പാൻ ഒരു ഉദാഹരണമാണ്. അവിടെ ലിബറിലിസം വന്നതോടെ ജനസംഖ്യ കുറഞ്ഞുവെന്നും പിഎംഎ സലാം വ്യക്‌തമാക്കി.
വ്യാഴാഴ്ച നടന്ന മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അറിയിക്കാൻ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പിഎംഎ സലാമിന്റെ ഇത്തരത്തിലെ പരാമർശം. ജെൻട്രൽ ന്യൂട്രാലിറ്റി എന്ന വിഷയം നേതൃയോഗത്തിൽ ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പരാമർശം.

