Thursday, May 9, 2024
spot_img

ഏഷ്യാ കപ്പ് കരസ്ഥമാക്കി ഇന്ത്യൻ വനിതകൾ ; ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്; റൈറ്റ് ഹാൻഡ് പേസര്‍ രേണുക സിംഗാണ് കളിയിലെ താരം

ഏഷ്യാ കപ്പ് കരസ്ഥമാക്കി ഇന്ത്യൻ വനിതകൾ . ഫൈനലില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത് . ബംഗ്ലാദേശിലെ സില്‍ഹറ്റില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഏഴാം ഏഷ്യാ കപ്പ് കിരീടത്തിലാണ് ഇന്ത്യ മുത്തമിട്ടത്. ശ്രീലങ്കന്‍ മുന്‍ നിരയെ തകര്‍ത്ത റൈറ്റ് ഹാൻഡ് പേസര്‍ രേണുക സിംഗാണ് കളിയിലെ താരം. സില്‍ഹെറ്റിലെ വരണ്ട പിച്ചില്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന മികച്ച പ്രകടനമാണ് നടത്തിയത്. 25 പന്തില്‍ 51 റണ്‍സെടുത്ത സ്മൃതി ഒരു സിക്‌സറോടെ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

പാകിസ്ഥാനോട് ഏറ്റ ഏക തോല്‍വിയില്‍ നിന്ന് കരകയറിയ ഇന്ത്യ സെമി-ഫൈനലില്‍ തായ്ലന്‍ഡിനെതിരെ ആധിപത്യം പുലര്‍ത്തിയാണ് ഫൈനലിലേക്ക് ഇന്ത്യ എത്തിയത്. സെപ്തംബറില്‍ യു.എ.ഇയില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഏഷ്യാ കപ്പ് കിരീടം നേടിയ പുരുഷ ടീമിന്റെ ജയം ആവര്‍ത്തിക്കാന്‍ ശ്രീലങ്കന്‍ വനിതകള്‍ക്കായില്ല.

14 വര്‍ഷത്തിന് ശേഷം തങ്ങളുടെ ആദ്യ ഫൈനല്‍ കളിക്കുന്ന ശ്രീലങ്കക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു . 3-ാം ഓവറില്‍ തന്നെ 6 റണ്‍സിന് ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടുവിനെ നഷ്ടമായി. ശ്രീലങ്കയുടെ സഹ ഓപ്പണര്‍ അനുഷ്‌ക സഞ്ജീവനിയും റണ്ണൗട്ടായി. പവര്‍പ്ലേയുടെ അവസാനം ശ്രീലങ്ക 5 വിക്കറ്റിന് 16 എന്ന നിലയില്‍ ഒതുങ്ങി. ശ്രീലങ്ക ഒരു ഘട്ടത്തില്‍ 50-ല്‍ എത്തുന്നതിന് മുമ്പ് പുറത്താകുമെന്ന് തോന്നിച്ചെങ്കിലും സ്പിന്നര്‍ ഇനോക രണവീര 22 പന്തില്‍ 18 റണ്‍സെടുത്ത് നിലയുറപ്പിച്ചു. ശ്രീലങ്ക 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 65 മാത്രമാണ് നേടിയത്. 9.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യന്‍ വനിതകള്‍ കിരീടം ഉറപ്പിച്ചത്.

Related Articles

Latest Articles