Tuesday, April 30, 2024
spot_img

മാദ്ധ്യമ പ്രവർത്തകർക്ക് കൈത്താങ്ങായി യോഗി ആദിത്യനാഥ്‌ കൊറോണ ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം കൈമാറി

ലക്‌നൗ: ഉത്തർപ്രദേശിൽ കൊറോണ ബാധിച്ച് മരിച്ച മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി യോഗി സർക്കാർ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ ജന്മവാർഷികമായ ഇന്നലെയാണ് കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം കൈമാറിയത്.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ കൊറോണ ബാധിച്ച് സംസ്ഥാനത്ത് 103 മാദ്ധ്യമ പ്രവർത്തകർക്ക് ജീവൻ നഷ്ടമായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 53 പേരുടെ കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷം ജൂലൈയിൽ തന്നെ ധനസഹായം കൈമാറിയിരുന്നു. ബാക്കിയുള്ള 50 പേരുടെ കുടുംങ്ങൾക്കാണ് ഇന്നലെ തുക നൽകിയത്. മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണ് സർക്കാർ ധനസഹായം നൽകിയത്. ഇതിനായി 5.30 കോടി രൂപ വിനിയോഗിച്ചതായി യോഗി ആദിത്യനാഥ് പറഞ്ഞു .

കൊറോണ വ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ രോഗം ബാധിച്ച് സംസ്ഥാനത്ത് 103 മാദ്ധ്യമ പ്രവർത്തകർക്ക് ജീവൻ നഷ്ടമായി. ഇത് വൈകാരികമായ നിമിഷമാണ്. എല്ലായ്‌പ്പോഴും മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്കൊപ്പമാണ് സർക്കാർ നിലകൊണ്ടിട്ടുള്ളതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ബാല സേവ യോജന, പ്രധാനമന്ത്രി കെയർ യോജന തുടങ്ങിയ പദ്ധതികളുടെ ഗുണം മാദ്ധ്യമ പ്രവർത്തകരുടെ വിധവകൾക്കും ലഭിക്കും. ഇക്കാര്യം അധികൃതർ ഉറപ്പുവരുത്തണം.മാദ്ധ്യമ പ്രവർത്തകർക്ക് വേണ്ടി വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles