Tuesday, April 30, 2024
spot_img

ആർഎസ്എസ് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ട കേസുകളിൽ പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ യുഎപിഎ ചുമത്തിയേക്കും; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി

കൊച്ചി : ആർഎസ്എസ് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊല്ലപ്പെട്ട കേസുകളിൽ പ്രതികൾക്കെതിരെ ഭീകരവിരുദ്ധ നിയമംചുമത്തുന്നത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടി. ആർഎസ്എസ് നേതാക്കളായ രൺജീത് ശ്രീനിവാസൻ, സഞ്ജിത്ത് എന്നിവർ കൊല്ലപ്പെട്ട കേസുകളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെയും, പോപ്പുലർ ഫ്രണ്ട് നേതാക്കളായിരുന്ന ഷാൻ, സുബൈർ എന്നിവർ കൊല്ലപ്പെട്ട കേസുകളിൽ ആർഎസ്എസ് പ്രവർത്തകർക്കെതിരെയും യുഎപിഎ ചുമത്തുന്നതിനാണ് സർക്കാർ നിയമോപദേശം തേടിയത് .

ഇക്കാര്യത്തിൽ കത്തു ലഭിച്ചതായി ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറി ഉൾപ്പെടെ പരിശോധിച്ച ശേഷം മറുപടി നൽകാം എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതര സമുദായങ്ങൾക്കിടയിൽ സ്പർധയും ഭീതിയും ഉണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ചതാണ് ആർഎസ്എസ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്താനുള്ള നീക്കം. നിയമോപദേശം അനുകൂലമായാൽ നിലവിൽ ചുമത്തിയ വകുപ്പുകൾക്ക് പുറമേ പുതിയ വകുപ്പുകൾകൂടി ചുമത്തും.

ശ്രീനിവാസൻ വധക്കേസിൽ യുഎപിഎ നിലനിൽക്കുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സമാനമായ നാലു കേസുകളിലും യുഎപിഎ ചുമത്താൻ സർക്കാർ ആലോചിക്കുന്നത്. ഇതോടെ കേസ് എൻഐഎ ഏറ്റെടുക്കും. നിലവിൽ ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകം എൻഐഎ ഏറ്റെടുക്കാൻ ഒരുങ്ങുന്നുണ്ട്. ആർഎസ്എസ് പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തുന്നതോടെ പ്രതികൾക്കു ജാമ്യം കിട്ടാനുള്ള സാധ്യത കുറയുകയും കൊലപാതകങ്ങളോടു തുല്യ നിലപാടാണ് സർക്കാരിന്റേത് എന്നു വരുത്തി തീർക്കാനും സാധിക്കും.

Related Articles

Latest Articles