ജയ്പൂർ : ബോളിവുഡ് താരം അക്ഷയ് കുമാറിനോടൊപ്പം ആവേശത്തോടെ പഞ്ചാബി നൃത്തമായ ഭാംഗ്ര ചുവടുകൾ വയ്ക്കുന്ന മോഹൻലാലിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു . ഏഷ്യാനെറ്റ് ഡയറക്ടർ കെ മാധവന്റെ മകന്റെ വിവാഹ ചടങ്ങിനിടെ പകർത്തിയതാണ് ഈ വീഡിയോ. അക്ഷയ് കുമാറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘നിങ്ങളോടൊപ്പമുള്ള ഈ നൃത്തം ഞാൻ എന്നെന്നും ഓർക്കും മോഹൻലാൽ സർ. തികച്ചും അവിസ്മരണീയമായ നിമിഷം,’ എന്നാണ് ചിത്രത്തിന് അക്ഷയ് കുമാർ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ആസ്വദിച്ച് ഫുൾ എനർജിയോടെ പഞ്ചാബി ഡാൻസിനൊപ്പം ഇരുവരും ഡാൻസ് ചെയ്യുന്ന വീഡിയോ ആരാധകർ ആഘോഷപൂർവ്വം ഷെയർ ചെയ്യുകയാണ്. ‘ഈ ദിവസത്തെ ഏറ്റവും മികച്ച വീഡിയോ’ എന്നാണ് ആരാധകരിൽ ഒരാളുടെ കമന്റ്.
ഏഷ്യാനെറ്റിന്റെ ഡയറക്ടർ കെ മാധവന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വൻ താരനിരയാണ് എത്തിയത്. മോഹൻലാലിനും അക്ഷയ് കുമാറിനും പുറമെ കരൺ ജോഹർ, കമൽഹാസൻ, പൃഥ്വിരാജ്, ആമിർ ഖാൻ, വ്യവസായ പ്രമുഖൻ എം എ യൂസഫലി എന്നിവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ബുധനാഴ്ച, ബോളിവുഡ് സംവിധായകൻ കരൺ ജോഹറിനൊപ്പമുള്ള ചിത്രവും മോഹൻലാൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കരണിനൊപ്പം ഒരു ചാർട്ടേർഡ് ഫ്ളൈറ്റിന് അകത്തു നിൽക്കുന്ന ആ ചിത്രവും വൈറലായിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണ തിരക്കിലാണ് മോഹൻലാൽ. രാജസ്ഥാനിലെ ജയ്സാൽമീറിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.