Thursday, May 9, 2024
spot_img

തലമുറകളെ നൃത്തം ചവിട്ടിച്ച പ്രതിഭ! സംഗീതവും നൃത്തവും കൊണ്ട് ലോകത്തെ ത്രസിപ്പിച്ച കലാകാരന്‍; പോപ്പ് രാജാവ് മൈക്കൾ ജാക്‌സണ്‍ ഓർമ്മയായിട്ട് ഇന്നേക്ക് 14 വര്‍ഷം

സംഗീതത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തി ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച മഹാ പ്രതിഭ, പോപ്പ് രാജാവ് മൈക്കൾ ജാക്‌സണ്‍ ഓർമ്മയായിട്ട് ഇന്നേക്ക് 14 വര്‍ഷം. ഒറ്റവാക്കില്‍ പോപ് രാജാവ് എന്ന വിശേഷണം കൊണ്ട് മാത്രം ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന പ്രതിഭയല്ല മൈക്കള്‍ ജാക്സണ്‍. ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നർത്തകന്‍, അഭിനേതാവ്, ജീവകാരുണ്യ പ്രവർത്തകന്‍… വിശേഷണങ്ങള്‍ മൈക്കള്‍ ജാക്സന് ഏത്രവേണമെങ്കിലും ചാര്‍ത്താം. ഗിന്നസ് പുസ്തകത്തില്‍ മൈക്കള്‍ ജാക്സനെ രേഖപ്പെടുത്തിയിരിക്കുന്നത്, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിലാണ്.

പതിനൊന്നാമത്തെ വയസ്സിൽ സഹോദരങ്ങളോടൊപ്പമാണ് മൈക്കൾ ജാക്സൺ സംഗീതലോകത്തേക്കെത്തുന്നത്. വംശീയാധിക്ഷേപത്തിൻറെ എല്ലാ മതിലുകളെയും തകർത്തെത്തിയ ജാക്സണായി കാത്തിരുന്നത് പോപ്പ് സംഗീതത്തിന്റെ ലോകമായിരുന്നു. 1958 ഓഗസ്റ്റ് 29 ന് എട്ടാമത്തെ കുട്ടിയായി ജനിച്ച മൈക്കള്‍, സഹോദരങ്ങളോടൊപ്പം 1960 കളുടെ പകുതിയിൽ ‘ദ ജാക്സൺ 5’ എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. 1971 മുതൽ മൈക്കൾ ജാക്സൻ ഒറ്റക്ക് പാടാൻ തുടങ്ങി. 1970 -കളുടെ അവസാനത്തോടെ ജാക്സൻ ജനപ്രിയനായി മാറുകയായിരുന്നു. ബ്ലാക്ക് ഓർ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990 കളിലെ എംറ്റിവിയിലെ മുഖ്യ ആകർഷകമായി ജാക്സൺ മാറി. വളരെ പ്രയാസമുള്ള റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ ജാക്‌നറെ സംഭാവനകളാണ്.

അനേകം ഗിന്നസ് വേൾഡ് റെക്കോർഡ്സ്, 13 ഗ്രാമി പുരസ്കാരങ്ങൾ (കൂടാതെ ഗ്രാമി ലെജൻഡ് പുരസ്കാരവും ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും), 26 അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, കൂടാതെ നൂറ്റാണ്ടിന്റെ കലാകാരൻ, ദശാബ്ദത്തിന്റെ കലാകാരൻ പുരസ്കാരങ്ങൾ, 13 നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരങ്ങളും ജാക്സൻറെത് മാത്രമായി.

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന എര്‍ത്‌സോങ് ഏറെ പ്രശസ്തി പിടിച്ചു പറ്റി. 1991 ല്‍ പുറത്തിറങ്ങിയ ഡേയ്ഞ്ചറസ് എന്ന ആല്‍ബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ മാറ്റി.ബ്രിട്‌നി സ്പിയേഴ്‌സ് മുതല്‍ ലേഡി ഗാഗയും, പ്രഭുദേവയും വരെ നൂറുകണക്കിന് കലാകാരന്മാരുടെ പ്രചോദനമായിരുന്നു ജാക്‌സണ്‍. സംഗീത ലോകത്തും പുറത്തും വിവാദങ്ങളുടെ തോഴനായിരുന്ന ജാക്‌സന്റെ അന്ത്യവും ദുരൂഹമായിരുന്നു. 2009 ജൂണ്‍ 25 നു തന്റെ അമ്പതാം വയസ്സില്‍ മരണത്തിനു കീഴടങ്ങിയ ജാക്‌സന്റെ സംസ്‌കാര ചടങ്ങുകള്‍ ലോകത്താകമാനം മുന്നൂറു കോടിയോളം ആളുകള്‍ തത്സമയം വീക്ഷിച്ചെന്നാണ് കണക്ക്. വര്‍ഷമെത്ര കഴിഞ്ഞാലും, ആ മാസ്മരിക സംഗീതവും നൃത്തച്ചുവടുകളും ആസ്വാദകരെ എന്നെന്നും ത്രസിപ്പിക്കും.

Related Articles

Latest Articles