Wednesday, September 30, 2026

ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി; 12 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യ ബന്ധനത്തിന് ചെറുവള്ളങ്ങളിൽ പോകുന്നവർക്കും കനത്ത ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിനു പുറമേ ആൻഡമാൻ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് കാലവർഷം കനത്തു. വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തീരദേസവാസികളും മുൻകരുതലുകൾ സ്വീകരിക്കണം. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Related Articles

Latest Articles