ആലപ്പുഴ: ആവേശത്തിരയിളക്കിയ നെഹ്റുട്രോഫി വള്ളംകളിക്ക് നാളെ കൊടിയേറുമ്പോൾ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. പുന്നമടയും പരിസരവും 15 സെക്ടറുകളായി തിരിച്ചാണ് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 20 ഡിവൈ.എസ്.പിമാർ സുരക്ഷ ഉറപ്പ് വരുത്തുക. 50 ഇൻസ്പെക്ടർമാർ, 465 എസ്.ഐമാർ എന്നിവരുള്‍പ്പടെ രണ്ടായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നാണ് വിവരം. കായലിലെ സുരക്ഷക്കായി 50 ബോട്ടുകളിൽ പ്രത്യേകം പൊലീസുകാരെ നിയോഗിക്കും. പുന്നമടഭാഗം പൂർണമായും സി.സി ടി.വി കാമറ നിരീക്ഷണത്തിലായിരിക്കും. ശനിയാഴ്ച രാവിലെ ആറ് മുതൽ രാത്രി എട്ടുവരെ ജലമേള നടക്കുന്ന ട്രാക്കിന് 100 മീറ്റർ ചുറ്റളവിൽ ഡ്രോൺ കാമറകൾ നിരോധിച്ചു. മത്സരസമയം അധികൃതരുടെ അനുവാദമില്ലാതെ ഡ്രോണുകള്‍ ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
മാല മോഷണം, പോക്കറ്റടി, മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഷാഡോ പൊലീസും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമുണ്ടാകും. വള്ളംകളിയുടെ നിയമാവലികള്‍ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘകരെ കണ്ടെത്തുന്നതിനും വിഡിയോ കാമറകൾ സജ്ജമാക്കിയിട്ടുണ്ട്. പാസ്, ടിക്കറ്റ് എന്നിവയുമായി പവിലിയനില്‍ പ്രവേശിച്ചാൽ വള്ളംകളി തീരുന്നതിനുമുമ്പ് പുറത്തുപോയാല്‍ പിന്നീട് തിരികെ പ്രവേശിപ്പിക്കില്ല.

