അയോദ്ധ്യ: രാജ്യം കാത്തിരിക്കുന്ന അയോദ്ധ്യയിലെ പ്രാണ പ്രതിഷ്‌ഠ നടക്കുക 84 സെക്കൻഡ് നീളുന്ന അത്യന്തം ശുഭകരമായ മുഹൂർത്തത്തിലെന്ന് പണ്ഡിതർ. വിനാശകാരികളായ പഞ്ചബാണങ്ങളുടെയും ആഘാതത്തെ അതിജീവിക്കാൻ ശേഷിയുള്ള സഞ്ജീവനി മുഹൂർത്തത്തിലാണ് പ്രതിഷ്‌ഠ നടക്കുക. ജനുവരി 22 ഉച്ചയ്ക്ക് 12. 29 മുതൽ 12 മണി 30 മിനിറ്റ് 32 സെക്കൻഡ് നീളുന്ന 84 സെക്കന്റിലായിരിക്കും സഞ്ജീവനി മുഹൂർത്തം. മഹാകവി കാളിദാസന്റെ പൂർവ്വകാലാമൃതം എന്ന ഗ്രന്ഥത്തിലാണ് സഞ്ജീവനി മുഹൂർത്തത്തിൽ വിശേഷ ശക്തി വിവരിച്ചിരിക്കുന്നത്. കാശിയിലെ വേദപണ്ഡിതനായ പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രിയാണ് ബാലകരാമ പ്രാണപ്രതിഷ്ഠയുടെ മുഹൂര്‍ത്തം കുറിച്ചത്. ഇദ്ദേഹം തന്നെയാണ് രാമക്ഷേത്ര ശിലാന്യാസത്തിനും സമയം കുറിച്ചത്.
ഭാരതത്തെ വിശ്വഗുരു സ്ഥാനത്ത് എത്തിക്കാനുള്ള ശുഭമുഹൂർത്തമാണ് സഞ്ജീവനി എന്ന് വേദ പണ്ഡിതർ വിലയിരുത്തുന്നു. അയോദ്ധ്യയിൽ നടക്കുന്നത് ക്ഷേത്ര പ്രതിഷ്‌ഠ മാത്രമല്ല രാഷ്ട്ര പുരോഗതിയുടെ അടിക്കല്ലുപാകുക കൂടിയാണ് നടക്കുന്നതെന്ന് പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി പറഞ്ഞു. രോഗ ബാണം, മൃത്യു ബാണം, ചോര ബാണം, രാജ ബാണം, അഗ്നി ബാണം എന്നിവയാണ് പഞ്ചബാണങ്ങൾ. ഭഗവാന്‍ ശ്രീരാമന്റെ ജന്മനക്ഷത്ര സമൂഹമായ പുനര്‍വസുവിനെ ആധാരമാക്കിയാണ് ശുഭമുഹൂര്‍ത്തം നിശ്ചയിച്ചത്.
ബാലകരാമനെ പ്രതിഷ്ഠിക്കുന്നത് നവരത്നങ്ങളും സപ്തധാന്യങ്ങളും പാകിയ പീഠത്തിലാകും. ഇവ കാശി വിശ്വനാഥന്റെ മണ്ണില്‍ നിന്നാണ് എത്തിക്കുക. 108 കലശത്തില്‍ പഞ്ചഗവ്യവും കാശിയില്‍ നിന്നെത്തും.പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി ചതുരം, വൃത്തം, പദ്മം, ത്രികോണം, ഷഡ്ഭുജം, ചന്ദ്രക്കല തുടങ്ങി ഒന്‍പത് ആകൃതിയിലുള്ള ഹോമകുണ്ഡങ്ങള്‍ തയാറാക്കും. ഒന്‍പതിടത്തും ഒരേ സമയം ചടങ്ങുകള്‍ നടക്കും. രാജ്യത്തെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നും പുണ്യനദികള്‍, സമുദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിക്കുന്ന ജലം കൊണ്ട് ഭഗവാന്‍ രാമന് അഭിഷേകം നടത്തും. ജലാധിവാസത്തിനായി ആയിരം സുഷിരങ്ങളുള്ള കലശമാണ് ഉപയോഗിക്കുക. ഇതിന്റെ നിര്‍മാണം കാശിയില്‍ പൂര്‍ത്തിയാകുന്നു.

