Wednesday, May 8, 2024
spot_img

ഒടുവിൽ ആ ആശ്വാസ വാർത്തയെത്തി ! നൈജീരിയയിലെ സ്‌കൂളില്‍നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ട് പോയ മുന്നൂറോളം വിദ്യാർത്ഥികളെ മോചിപ്പിച്ചതായി സർക്കാർ

നൈജീരിയയിലെ സ്‌കൂളില്‍നിന്ന് തോക്കുധാരികളായ സായുധ സംഘം ഈ മാസം ഏഴിന് തട്ടിക്കൊണ്ട് പോയ മുന്നൂറോളം വിദ്യാർത്ഥികളെ മോചിപ്പിച്ചതായി നൈജീരിയൻ സർക്കാർ. കഡൂണ ഗവര്‍ണര്‍ ഉബ സാനിയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. നൈജീരിയന്‍ സംസ്ഥാനമായ കഡൂണയിലെ വടക്കുകിഴക്കന്‍ പ്രദേശമായ കുരിങ്ങയിലെ സ്കൂളിൽ അസംബ്ലി നടക്കുന്നതിനിടെയാണ് ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം സ്‌കൂൾ ജീവനക്കാരെയും വിദ്യാർത്ഥികളെയും തട്ടിക്കൊണ്ടുപോയത്.

187 സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാർത്ഥികളെയും 125 പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളെയും ഒരു അദ്ധ്യാപികയെയുമാണ് സംഘം കടത്തിക്കൊണ്ട് പോയത്. ഇതിൽ 25 പേര്‍ പിന്നീട് തിരിച്ചെത്തി. വിദ്യാര്‍ത്ഥികളെ മോചിപ്പിക്കാനുള്ള നീക്കത്തിന് നേതൃത്വംനൽകിയത് നൈജീരിയയുടെ ദേശീയ സുരക്ഷാ ഉപദേശകനാണ് എന്ന് മാത്രമാണ് സർക്കാർ പുറത്ത് വിട്ട വിവരം. നേരത്തെ മോചനദ്രവ്യമായി നൂറ് കോടി നൈറ (5.69 കോടി ഇന്ത്യന്‍ രൂപ) നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പണം നല്‍കി മോചിപ്പിക്കുന്ന രീതി 2022 മുതല്‍ നിയമവിരുദ്ധമാക്കിയതിനാല്‍ പണം നല്‍കില്ലന്ന് സർക്കാർ അറിയിക്കുകയും ചെയ്തു.

2021-ല്‍ 150 സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. തീവ്രവാദ സംഘടനയായ ബോക്കോ ഹറാം ആണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. 2014 ൽ ബോക്കോ ഹറാം, തലസ്ഥാനമായ ബൊര്‍ണോയിലെ ഒരു സ്‌കൂളില്‍ നിന്ന് 276 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോയിരുന്നു. ഇതില്‍ പലരെ കുറിച്ചും യാതൊരു വിവരവുമില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ നൈജീരിയന്‍ സ്‌കൂളുകളില്‍ നിന്ന് 1,400 വിദ്യാര്‍ത്ഥികളെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുള്ളതായാണ് റിപ്പോർട്ട്.

Related Articles

Latest Articles