നാട്ടിക: റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള നാടോടികളുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടാക്കിയ ഡ്രൈവറും ക്ളീനറും മദ്യപിച്ചിരുന്നതായി റിപ്പോർട്ട്. ഡ്രൈവർ നന്നായി മദ്യപിച്ച് ക്യാബിനിൽ കിടന്നുറങ്ങി. അപകടം നടക്കുമ്പോൾ വണ്ടിയോടിച്ചത് ഡ്രൈവിംഗ് ലൈസൻസ് പോലും ഇല്ലാത്ത ക്ലീനർ എന്ന് വെളിപ്പെടുത്തൽ. ഇയാളും മദ്യപിച്ചിരുന്നു. ഇരുവരും ഇപ്പോഴും മദ്യ ലഹരിയിൽ നിന്ന് മുക്തരായിട്ടില്ല. കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, ഡ്രൈവർ കണ്ണൂർ സ്വദേശി ജോസ് എന്നിവർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇതോടെ മദ്യലഹരിയിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള പോലീസ് സംവിധാനങ്ങൾക്ക് നേരെ ചോദ്യം ഉയരുകയാണ്. റോഡിൽ കിടന്നുറങ്ങുന്നവരെ മാറ്റാനുള്ള ശ്രമങ്ങളും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
അപകടമുണ്ടാക്കിയ ശേഷം ലോറി നിർത്താതെ പോയിരുന്നു. വഴി തെറ്റി റോഡ് അവസാനിക്കുന്ന ഭാഗത്ത് ലോറി എത്തിയതുകൊണ്ടാണ് നാട്ടുകാർക്ക് പ്രതികളെ പിടികൂടാനും പൊലീസിന് വാഹനം കസ്റ്റഡിയിൽ എടുക്കാനും സാധിച്ചത്. അപകടത്തെ തുടർന്ന് ഉയർന്ന കൂട്ട നിലവിളി വകവയ്ക്കാതെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാനാണ് പ്രതികൾ ശ്രമിച്ചത്
നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (ഒരു വയസ്സ്) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. ഇവർ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്.

