Wednesday, November 11, 2026

രാഹുല്‍ ഗാന്ധി നിന്ന സ്ഥലത്ത് എനിക്ക് സുരക്ഷിതത്വം തോന്നിയില്ല. ഇലക്ഷന്‍ കമ്മീഷനെതിരായ പ്രതിഷേധത്തിനിടെ കൈയ്ക്കു പിടിച്ച് തള്ളിയിട്ടെന്നും വയറടിച്ചു വീണെന്നും റിച്ച പരാശര്‍. ആശുപത്രിയില്‍ നിന്ന് ഗുരുതര ആരോപണങ്ങളുമായി ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തക

ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ കയ്യേറ്റം ചെയ്‌തെന്ന ഗുരുതര ആരോപണവുമായി മാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍ രംഗത്തെത്തി. ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റിച്ച, രാഹുല്‍ ഗാന്ധി നില്‍ക്കുന്ന സ്ഥലത്ത് തനിക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് അനുഭവപ്പെട്ടതെന്ന് തുറന്നടിച്ചു.

താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്ന കാര്യം മാധ്യമ സ്ഥാപനത്തിന് പോലും അറിയുമായിരുന്നില്ലെന്നും എന്നാല്‍ ജോലി ചെയ്യുന്നതിനിടെയാണ് ഈ ദുരനുഭവമുണ്ടായതെന്നും അവര്‍ പറഞ്ഞു. സുപ്രീം കോടതിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം (byte) ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം നടന്നതെന്ന് റിച്ച വിശദീകരിച്ചു. രാഹുല്‍ ഗാന്ധി തന്റെ തോളില്‍ പിടിച്ച് ബലമായി പിന്നിലേക്ക് വലിക്കുകയായിരുന്നെന്നും, അദ്ദേഹത്തിന്റെ ശക്തി തനിക്ക് വ്യക്തമായി അനുഭവപ്പെട്ടെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരും ജനക്കൂട്ടവും ചേര്‍ന്ന് തള്ളിയതോടെ താന്‍ കോണിപ്പടികളിലേക്ക് വയറടിച്ചു വീണു. തന്നോടൊപ്പം ഉണ്ടായിരുന്ന ക്യാമറാമാനും താഴെ വീഴുകയുണ്ടായി. താന്‍ വീണുപരുക്കേറ്റിട്ടും അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹായിക്കുന്നതിന് പകരം ‘രാഹുല്‍ ഗാന്ധി സിന്ദാബാദ്’ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് ശബ്ദം അടിച്ചമര്‍ത്താനാണ് ശ്രമിച്ചതെന്ന് അവര്‍ ആരോപിച്ചു.

സംഭവത്തിന് ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് സര്‍ ഗംഗാ റാം ആശുപത്രിയിലും റിച്ചയെ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ എക്‌സ്-റേ എടുക്കാന്‍ നിര്‍ദ്ദേശിച്ചപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം നഴ്‌സിനോട് വെളിപ്പെടുത്തിയതെന്ന് റിച്ച വ്യക്തമാക്കി. അതേസമയം, സംഭവത്തെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ ആശുപത്രിയിലെത്തി റിച്ചയെ കാണുകയും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

Related Articles

Latest Articles