ചെന്നൈ: മുത്തൂറ്റ് ഫിനാൻസിൽ വൻ കവർച്ച. മുത്തൂറ്റ് ഫിനാൻസിന്റെ തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ ശാഖയിലാണ് തോക്ക് ചൂണ്ടി കൊള്ളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം കവർന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘം മാനേജറെ ഉൾപ്പടെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്.
ഏഴ് കോടി രൂപയുടെ സ്വർണത്തിനൊപ്പം 96,000 രൂപയും കൊളളസംഘം കൊണ്ടുപോയി. സെക്യൂരിറ്റിയെ ഉൾപ്പടെ തോക്കിൻമുനയിൽ നിർത്തിയശേഷമായിരുന്നു മോഷണം നടത്തിയത്. ഏഴ് കോടി രൂപ വിലവരുന്ന 25 കിലോ സ്വർണമാണ് കൊളളസംഘം കൊണ്ടുപോയത്. മുത്തൂറ്റിന്റെ തന്നെ കൃഷ്ണഗിരി ശാഖയിൽ രണ്ടാഴ്ച മുമ്പ് ഒരു മോഷണ ശ്രമം നടന്നിരുന്നു. ജീവനക്കാരുടെ മൊഴി അടിസ്ഥാനമാക്കിയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന തുടരുകയാണ്.