Sunday, May 5, 2024
spot_img

വിനോദയാത്രയ്‌ക്ക് മുന്നോടിയായി ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച കേസ്; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: വിനോദയാത്രയ്‌ക്ക് മുന്നോടിയായി ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സംഭവത്തിൽ സർക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സർക്കാർ വിശദീകരണം നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

പൂത്തിരികത്തിച്ച സംഭവം വിവാദമായതോടെയാണ് ഹൈക്കോടതി ജൂലൈ നാലിന് സ്വമേധയാ ഇടപെട്ടത്. തുടർന്ന് സർക്കാരിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ബസ് ജീവനക്കാർക്കെതിരെ പോലീസും മോട്ടോർവാഹന വകുപ്പും നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.

അതേസമയം, ‘കൊമ്പൻ’ ബസിലെ ജീവനക്കാർക്കെതിരെ പോലീസ് നടപടിയെടുത്തു. ഡ്രൈവറുൾപ്പെടെ നാലു പേർക്കെതിരെയാണ് കൊല്ലം അഞ്ചാലുംമൂട് പോലീസ് കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യുക, ജീവന് ഭീഷണിയാകുന്ന തരത്തിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് മാസം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണിത്.

പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം മോട്ടാർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ‘കൊമ്പൻ’ ബസിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ബസിൽ ജിപിഎസ് സംവിധാനവും സ്പീഡ് ഗവർണറും ഘടിപ്പിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. ബസിനുള്ളിലെ സ്‌മോക്കറും നീക്കം ചെയ്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ബസിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചിട്ടുണ്ട്.

കൊല്ലം പെരുമൺ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്ക് മുന്നോടിയായി ബസിന് മുകളിൽ പൂത്തിരി കത്തിച്ചത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയതോടെയാണ് ‘കൊമ്പൻ’ വിവാദത്തിലായത്. പൂത്തിരിയിൽ നിന്ന് ബസിലേക്ക് പടർന്ന തീ ജീവനക്കാർ അണയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് ആലപ്പുഴയിൽ വച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുകയായിരുന്നു.

Related Articles

Latest Articles