Thursday, May 9, 2024
spot_img

ശബരിമലയിൽ പോലീസ് ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം, പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരെ കൂടുതലായി നിയമിച്ചു, മണിക്കൂറിൽ 4600 ഭക്തർ പടി കയറുന്നു. ഒരു മിനിറ്റിൽ 75 പേർ എന്ന കണക്കിൽ

പത്തനംതിട്ട- ശബരിമലയിലെ പോലീസിൻ്റെ ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം വരുത്തി . ഓരോ ഘട്ടത്തിലെയും ഡ്യൂട്ടി കഴിയുമ്പോൾ ആ ഘട്ടത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥരിൽ പകുതി പേരെ മാത്രമേ ആദ്യം പിൻവലിക്കാവൂ എന്ന് ഡി.ജി.പി നിർദേശം നൽകി. ശബരിമലയിൽ ജോലി ചെയ്ത് പരിചയമുള്ള പോലീസുകാരുടെ അഭാവം തിരക്ക് വർദ്ധിപ്പിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണം

4600 ഓളം ഭക്തജനങ്ങളാണ് ഓരോ മണിക്കൂറിലും പതിനെട്ടാം പടി വഴി അയ്യപ്പ ദർശനം നടത്തുന്നത് .
ഓരോ മിനിറ്റിലും എഴുപത്തഞ്ചിലധികം പേരെ പടികയറ്റുന്നതായാണ് കണക്ക്. ഇന്ത്യൻ റിസർവ്വ് ബറ്റാലിയനും (ഐ.ആർ.ബി) കേരള ആംഡ് പോലീസും (കെ.എ.എഫ്) ചേർന്ന് മൂന്ന് ബാച്ചുകളായാണ് പതിനെട്ടാം പടിയിലേക്ക് ഭക്തജനങ്ങളെ കയറ്റിവിടുന്നതും തിരക്ക് നിയന്ത്രിക്കുന്നതും.

ഓരോ ബാച്ചിലും നാൽപത് പേരാണുള്ളത്. നാല് മണിക്കൂർ ഇടവേളകളിൽ ബാച്ചുകൾ മാറും. ഓരോ ഇരുപത് മിനിറ്റിലും പതിനെട്ടാം പടിയിൽ നിൽക്കുന്ന പതിനാല് പേർ മാറി അടുത്ത പതിനാല് പേർ എത്തും. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഇലക്ഷൻ ഡ്യൂട്ടിക്ക് ശേഷമാണ് ശബരിമല ഡ്യൂട്ടിക്കായി തൃശൂരിലെ ഐ.ആർ.ബി ബറ്റാലിയൻ്റെ പുതിയ ബാച്ച് എത്തിയത്.

മണ്ഡലകാലം ആരംഭിച്ചത് മുതൽ ഇന്നലെ വൈകീട്ട് 6 മണി വരെ വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം 1812179 ആണ് . പുൽമേട് വഴി 31935 പേർ എത്തി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം 88744 ആണ് . ഡിസംബർ 5 ന് 59872, 6 ന് 50776, 7ന് 79424, 9ന് 59226,10 ന് 47887 എന്നിങ്ങനെയാണ് വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയത്. കാനനപാതയായ പുൽമേട് വഴി എത്തിയവരുടെ എണ്ണം ഇതിന് പുറമെയാണ്.

Related Articles

Latest Articles