Sunday, May 5, 2024
spot_img

ഇത്തവണ തക്കാളി പാടത്തിൽ വിരിഞ്ഞത് വമ്പൻ ലോട്ടറി!പൂനെയിൽ 17,000 കൊട്ട തക്കാളി വിറ്റ് കർഷകൻ സമ്പാദിച്ചത് 2.8 കോടി രൂപ!

പൂനെ : തക്കാളിയുടെ വില ഇത്തവണ അപ്രവചനീയമായി കുതിച്ചുയർന്നപ്പോൾ ജനങ്ങൾ ബുദ്ധിമുട്ടിയെങ്കിലും മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള ജുന്നാൽ താലൂക്കിലുള്ള ഇശ്വർ ഗയാകറും ഭാര്യയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. തങ്ങളുടെ കൃഷിയിടത്തിൽ ഉണ്ടായ 17,000 കൊട്ട തക്കാളി വിറ്റ് ഇവർ നേടിയത് 2.8 കോടി രൂപയാണ്. ശേഷിക്കുന്ന 4,000 കൊട്ട തക്കാളി വിറ്റ് 3.5 കോടി രൂപ സമാഹരിക്കാനായിരുന്നു ഇവർ ലക്ഷ്യമിടുന്നത്..

കഴിഞ്ഞ ആറ് – ഏഴു വർഷമായി 12 ഏക്കർ കൃഷിയിടത്തിൽ തക്കാളി കൃഷി ചെയ്യുന്നുണ്ടെങ്കിലും വമ്പൻ നഷ്ടമാണ് ഇശ്വർ ഗയാകറിന് സംഭവിച്ചത്. 2021ൽ മാത്രം 18–20 ലക്ഷത്തിന്റെ നഷ്ടമാണ് ഉണ്ടായത്. എന്നാൽ ഇത്തവണയും മുൻ അനുഭവത്തെ ഭയപ്പെടാതെ തക്കാളി തന്നെ കൃഷി ചെയ്യാനെടുത്ത തീരുമാനം ഗയാകറിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു.

“ഈ വർഷം 12 ഏക്കറിലും തക്കാളി കൃഷി ചെയ്തു. 17,000 കൊട്ട തക്കാളിയാണ് വിറ്റത്. ഓരോ കൊട്ടയ്ക്കും 770 രൂപ മുതൽ 2311 വരെ കിട്ടി. അതായത് ഇതുവരെ 2.8 കോടി രൂപ നേടാനായി. ഇനിയും 3000 – 4000 കൊട്ട തക്കാളി കൃഷിയിടത്തിലുണ്ട്. ഇങ്ങനെ നോക്കിയാൽ വരുമാനം 3.5 കോടിയാകും ഒരു കിലോയ്ക്ക് 30 രൂപയെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ഇത്തവണ ലോട്ടറിയടിച്ചതുപോലെയായി’’ – ഇശ്വർ ഗയാകർ പറഞ്ഞു.

2005 മുതൽ കൃഷി ചെയ്യുന്നയാളാണ് ഗയാകർ.നേരത്തേ ഒരേക്കറിൽ മാത്രമായിരുന്നു തക്കാളി കൃഷി ചെയ്തിരുന്നത്. 2017 മുതൽ കൂടുതൽ തൊഴിലാളികളെ ലഭിച്ചതോടെ 12 ഏക്കറിലും കൃഷി ചെയ്യാൻ തുടങ്ങി. സീസണനുസരിച്ച് സവാളയും വിവിധയിനം പൂക്കളും അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.

Related Articles

Latest Articles