പാറ്റ്‌ന : അഴിമതിക്കാരുടെ സമാഗമമാണു ദില്ലിയിൽ അരങ്ങേറുന്നതെന്നു ബിജെപി ബിഹാർ സംസ്ഥാന അദ്ധ്യക്ഷൻ സമ്രാട്ട് ചൗധരി ആരോപിച്ചു. പ്രതിപക്ഷ ഐക്യത്തിനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദില്ലിയിൽ നടത്തുന്ന കൂടിക്കാഴ്ചകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിതീഷ് കുമാർ ദില്ലിയിലെത്തി ലാലു യാദവിന്റെ കാൽക്കൽ വീണു. തുടർന്നു രാഹുൽ ഗാന്ധിയെയും അരവിന്ദ് കേജ്‌രിവാളിനെയും കണ്ടു. ഇവരെല്ലാം അഴിമതികളിൽ ഉൾപ്പെട്ടവരാണ്. രാജ്യത്തെ അഴിമതിയുടെ പ്രതീകങ്ങളുമായിട്ടാണ് നിതീഷിന്റെ കൂടിക്കാഴ്ചകളെന്നു സമ്രാട്ട് ചൗധരി പരിഹസിച്ചു.
രാഹുൽ ഗാന്ധിയും നിതീഷ് കുമാറും പ്രധാനമന്ത്രി പദത്തിലേറാൻ ഒരു പോലെ ആഗ്രഹിക്കുമ്പോൾ പ്രതിപക്ഷ ഐക്യം എങ്ങനെ സാധ്യമാകുമെന്നു സമ്രാട്ട് ചൗധരി ചോദിച്ചു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഒരാളെ തീരുമാനിക്കാൻ കഴിയാത്തിടത്തോളം പ്രതിപക്ഷ ഐക്യത്തിനു പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

