Thursday, May 9, 2024
spot_img

ഭാരതീയ വാസ്തുവിദ്യാ മികവിൽ തീർത്ത മഹാത്ഭുതം !അബുദാബിയിലെ ഹിന്ദു ശിലാക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് സമർപ്പിച്ചു !

അബുദാബിയിലെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം(ബിഎപിഎസ് ഹിന്ദു മന്ദിർ) ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് ബിഎപിഎസ് സ്വാമിനാരായൺ സൻസ്തയുടെ ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് നാട മുറിക്കുന്ന ചടങ്ങോടെ ബിഎപിഎസ് ഹിന്ദു മന്ദിർ തുറന്നത്. മഹന്ത് സ്വാമി മഹാരാജ് വൈദിക ചടങ്ങുകൾക്ക് നേതൃത്വം നൽകി.

യുഎഇ സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ബോളിവുഡ് നടന്മാരായ അക്ഷയ് കുമാർ, വിവേക് ഒബ്​റോയ്, ഗായകൻ ശങ്കർ മഹാദേവൻ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളും ആയിരക്കണക്കിന് ഭക്തരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോകത്തെങ്ങുമുള്ള ബിഎപിഎസ് ക്ഷേത്രങ്ങളിൽ ഒരേസമയം ആരതി നടത്തി.

ഭാരതത്തിൽ വസന്തകാലത്തിന്‍റെ ആരംഭം കുറിക്കുന്ന ഹിന്ദു ഉത്സവമായ ബസന്ത് പഞ്ചമിയോട് അനുബന്ധിച്ചാണ് ഇന്ന് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ബിഎപിഎസ് സൻസ്തയുടെ സ്ഥാപകൻ അന്തരിച്ച ശാസ്ത്രിജി മഹാരാജിന്‍റെ ജന്മദിനം കൂടിയാണ് ഫെബ്രുവരി 14. സാംസ്കാരിക വൈവിധ്യത്തിന്‍റെ പ്രതിരൂപമായ മന്ദിർ വിവിധ മതങ്ങൾ പങ്കിടുന്ന മൂല്യങ്ങൾ ചിത്രീകരിക്കുന്നു. കൈകൊണ്ട് കൊത്തിയെടുത്ത പരമ്പരാഗത ശിലാക്ഷേത്രം ഭാരതീയ വാസ്തുവിദ്യാ മികവിന്‍റെ ആഘോഷവും പുരാതന നാഗരികതകളുടെ സമ്പന്നതയെ ഉയർത്തിക്കാട്ടുന്നതുമാണ്. ഇതിനകം ഓൺലൈനിൽ സന്ദർശനത്തിന് സമയം ബുക്ക് ചെയ്തവരെ ഈ മാസം 18ന് പ്രവേശിപ്പിച്ചുതുടങ്ങും. എന്നാൽ, തിരക്ക് കണക്കിലെടുത്ത് യുഎഇയിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂ എന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Related Articles

Latest Articles