ദശകങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്രയിൽ നിർണ്ണായക നാഴികക്കല്ല് പിന്നിട്ട് നാസയുടെ ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി തിരികെ ഭൂമിയിലെത്തി. പത്ത് ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം ഇന്ന് പുലർച്ചെയാണ് നാല് ബഹിരാകാശ യാത്രികരുമായി ഒറിയോൺ പേടകം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങിയത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ പേടകവുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ നാസയ്ക്ക് സാധിച്ചു. കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ യാത്രികൻ ജെറമി ഹാൻസൺ എന്നിവരടങ്ങിയ സംഘം പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് നാസ ഔദ്യോഗികമായി അറിയിച്ചു.
ഭൂമിയിലേക്ക് മടങ്ങുന്ന വേളയിൽ ശബ്ദത്തേക്കാൾ മുപ്പതിരട്ടി വേഗതയിൽ സഞ്ചരിച്ച പേടകം സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ പകുതിയോളം വരുന്ന അതിഭീകരമായ താപനിലയെയാണ് അതിജീവിച്ചത്. മുൻപത്തെ പരീക്ഷണ പറക്കലുകളിൽ ആശങ്കയുയർത്തിയ ഹീറ്റ് ഷീൽഡ് സംവിധാനത്തിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു ഈ മടക്കയാത്ര. എന്നാൽ ഒറിയോൺ പേടകം യാതൊരു പ്രതിസന്ധികളുമില്ലാതെ ഈ ഘട്ടം വിജയകരമായി മറികടന്നു. പസഫിക് സമുദ്രത്തിൽ വന്നിറങ്ങിയ യാത്രികരെ നാവികസേനയുടെ സഹായത്തോടെ വീണ്ടെടുത്ത് വൈദ്യപരിശോധനകൾക്കായി യുഎസ് സൈനിക കപ്പലിലേക്ക് മാറ്റി.
ഏപ്രിൽ ഒന്നിന് ഫ്ലോറിഡയിൽ നിന്ന് ആരംഭിച്ച ഈ ദൗത്യം നിരവധി ലോക റെക്കോർഡുകൾക്കും സാക്ഷ്യം വഹിച്ചു. ഭൂമിയിൽ നിന്ന് ഏകദേശം 4,06,771 കിലോമീറ്റർ അകലേക്ക് സഞ്ചരിച്ച ഇവർ, ചരിത്രത്തിൽ ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്ത മനുഷ്യർ എന്ന ഖ്യാതി സ്വന്തമാക്കി. കൂടാതെ ചന്ദ്രനെ വലംവെക്കുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ചും, ആദ്യത്തെ ആഫ്രിക്കൻ വംശജനായി വിക്ടർ ഗ്ലോവറും, ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയായി ജെറമി ഹാൻസണും ചരിത്രത്തിന്റെ ഭാഗമായി. ചന്ദ്രനിലെ ഉൽക്കാപതനങ്ങളും സൂര്യഗ്രഹണവും പകർത്തിയ യാത്രികർ ആയിരക്കണക്കിന് അപൂർവ്വ ചിത്രങ്ങളാണ് ഭൂമിയിലേക്ക് അയച്ചത്. ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യവും താവളവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള നാസയുടെ വരാനിരിക്കുന്ന ദൗത്യങ്ങൾക്ക് ആർട്ടെമിസ് 2-ന്റെ വിജയം വലിയ കരുത്താണ് പകരുന്നത്.

