ദാവൻഗരെ : വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കർണാടകയിലെ ദാവൻഗരെ ജില്ലയിലാണ് സംഭവം. യുവാവിന്റെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ വിവാഹത്തിന് മധ്യസ്ഥത വഹിച്ച ബന്ധുവും ജീവനൊടുക്കി ഗുമനൂരു സ്വദേശിയായ ഹരീഷ് (30) ആണ് ആദ്യം മരിച്ചത്. ഭാര്യ സരസ്വതി ക്ഷേത്രത്തിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. എന്നാൽ പിന്നീട് ഭാര്യ മുൻ കാമുകനായ കുമാറിനൊപ്പം നാടുവിടുകയായിരുന്നു.
ഭാര്യയുടെ ഒളിച്ചോട്ടം ഹരീഷിനെ മാനസികമായി തകർത്തു. തന്റെ മരണത്തിന് ഉത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം, ഹരീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഹരീഷിന്റെ മരണവിവരം പുറത്തുവന്നതോടെ, ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്ത ഭാര്യയുടെ സഹോദരീ ഭർത്താവായ രുദ്രേഷ് (36) കടുത്ത വിഷമത്തിലായി. സ്വന്തം മുൻകൈയിൽ നടത്തിയ വിവാഹം ഇങ്ങനെ അവസാനിച്ചതും, ഹരീഷിന്റെ മരണവും സഹിക്കാനാകാതെ, രുദ്രേഷും ജീവനൊടുക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ, ഹരീഷും കുടുംബവും തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സരസ്വതി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ, സരസ്വതിക്കും കുമാറിനും വിവാഹത്തിന് മുമ്പേ തന്നെ ബന്ധമുണ്ടായിരുന്നുവെന്നും, വിവാഹശേഷവും ഇരുവരും ഹരീഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വ്യക്തമായി.
ഹരീഷിന്റെ ആത്മഹത്യാക്കുറിപ്പിൽ, സരസ്വതി, കാമുകൻ കുമാർ, കൂടാതെ ബന്ധുക്കളായ ഗണേഷ്, അഞ്ജനമ്മ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് വ്യക്തമാക്കിയിട്ടുള്ളത്
.ഇതിന്റെ അടിസ്ഥാനത്തിൽ, ദാവൻഗരെ റൂറൽ പോലീസ് സരസ്വതിയെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഒളിവിലുള്ള കുമാറിനെയും മറ്റ് പ്രതികളെയും കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.

