Thursday, May 2, 2024
spot_img

തലസ്ഥാന നഗരിയിൽ യുവതി ലൈംഗികാതിക്രമത്തിനിരയായി;പരാതി ലഭിച്ചിട്ടും ചെറുവിരൽ പോലും അനക്കാതെ പൊലീസ്

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ വീണ്ടും യുവതി ആക്രമിക്കപ്പെട്ടു. നഗരമദ്ധ്യത്തിലെ റോഡിൽ രാത്രിയിലാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. രാത്രി പത്തര മണിയോടെ മരുന്നു വാങ്ങാൻ ജനറൽ ആശുപത്രി ജംഗ്ഷനിലെത്തിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. തൊട്ടുപിന്നാലെ പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പിന്നീട് സ്ഥലത്തെത്തിയ രണ്ടു പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ മൊഴിയെടുക്കുകയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയോ ചെയ്തില്ല.സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവുണ്ടായി എന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.

വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് യുവതിയെ ഒരാൾ ഉപദ്രവിച്ചത്. മെഡിക്കൽ സ്റ്റോറിൽനിന്ന് മടങ്ങുമ്പോൾ ഇവരെ അക്രമി പിന്തുടരുകയായിരുന്നു. ഭയന്ന യുവതി വേഗത്തിൽ വാഹനം ഓടിച്ചു പോകുകയും വീട്ടുവളപ്പിലേക്കു ഓടിച്ചു കയറ്റാൻ ശ്രമിക്കുമ്പോൾ അക്രമി വാഹനം കുറുകെയിട്ടു തടയുകയും ചെയ്തു . തൊട്ടു പിന്നാലെ യുവതിയെ ശാരീരികമായി കയ്യേറ്റം ചെയ്യാൻ ഇയാൾ ശ്രമിച്ചു. യുവതി ഇതിനെ എതിർത്തതിനെത്തുടർന്ന് ഇയാൾ തലമുടി കുത്തിപ്പിടിച്ച് അടുത്തുള്ള കരിങ്കൽ ചുമരിലേക്ക്ശക്തിയായി ഇടിച്ചു. ആക്രമണത്തിൽ യുവതിയുടെ ഇടതു കണ്ണിനും കവിളിലും പരുക്കേറ്റു. തൊട്ടടുത്ത വീട്ടിലെ സ്ത്രീകളും കംപ്യൂട്ടർ കടയിലെ സെക്യൂരിറ്റിയുമെല്ലാം സംഭവത്തിനു ദൃസാക്ഷികളായെങ്കിലും അവരാരും സഹായത്തിനായി ഓടിയെത്തിയില്ല.

ചോരയൊലിക്കുന്ന മുഖവുമായി വീട്ടിലെത്തിയപ്പോൾ യുവതിയുടെ മകളാണ് പേട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. അമ്മ ആക്രമിക്കപ്പെട്ടെന്നു പറഞ്ഞെങ്കിലും വിവരങ്ങൾ ചോദിച്ചതല്ലാതെ മറ്റൊരു തുടർ നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. തുടർന്ന് മകൾ യുവതിയെ ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ ഇരിക്കുമ്പോൾ സ്റ്റേഷനിലെത്തി മൊഴി നല്‍കാൻ പൊലീസ് ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥയിൽ വരാൻ കഴിയില്ലെന്ന് പോലീസിനെ അറിയിച്ചു. ആക്രമണത്തിൽ മൂന്നു ദിവസത്തോളം കാഴ്ചയ്ക്കു ബുദ്ധിമുട്ടുണ്ടായതായും യുവതി പറഞ്ഞു. പിന്നീടാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് ഇവർ പരാതി നൽകിയത്.

Related Articles

Latest Articles