തിരുവനന്തപുരം : അധിക്ഷേപ പരാമർശത്തിൽ നൃത്താദ്ധ്യാപിക സത്യഭാമക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മോഹിനിയാട്ടം കലാകാരനുമായ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻ്റോമെൻ്റ് പോലീസ് നടപടി എടുത്തിരിക്കുന്നത്. എസ്‌സി എസ്‌ടി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് സത്യഭാമക്കെതിരായ പരാതി. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ ഓൺലൈൻ മാദ്ധ്യമത്തിനെതിരെനടപടി വേണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സത്യഭാമ പറഞ്ഞത്. ആര്‍എല്‍വി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പിന്നാലെ പ്രതികരണവുമായി ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെ വിഷയം വലിയ ചർച്ചയായി. പിന്നീട് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോഴും വർണ്ണവെറിയോടെ സമാന നിലപാടാണ് ഇവർ സ്വീകരിച്ചത്.

