പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിലെ അതിക്രമ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചാല പടിഞ്ഞാറേക്കര സ്വദേശി ഷാജി(54)യാണ് അറസ്റ്റിലായത്. ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവം രാഷ്ട്രീയ പ്രേരിതമല്ലെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്. ഇതോടെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആസൂത്രീത നീക്കമാണെന്നും കൃത്യമായ ഗൂഢാലോചനയുണ്ടെന്നുമുള്ള സിപിമ്മിന്റെ ആരോപണങ്ങൾ അസ്ഥാനത്തായി
ബീച്ചിൽ കുപ്പി പെറുക്കി നടക്കുന്നയാളാണ് ഷാജി. ഇത്തരത്തില്‍ കുപ്പി പെറുക്കുന്നതിനിടെ ഒരു കുപ്പിയിലുണ്ടായിരുന്ന ശീതളപാനീയം സ്മൃതികുടീരങ്ങള്‍ക്കുമേല്‍ ഒഴിക്കുകയായിരുന്നു ഇയാളുടെ മൊഴി. സമീപത്തെ ക്ഷേത്രത്തിലെ പരിപാടിക്കിടെയാണ് ഈ കുപ്പി ഇയാള്‍ക്ക് ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അനേഷണത്തിലാണ് പ്രതി പിടിയിലായത്.
കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില്‍ സ്ഥാപിച്ച ഫോട്ടോയാണ് കൂടുതല്‍ വികൃതമാക്കിയിരുന്നത്. ചടയന്‍ ഗോവിന്ദന്‍, ഇ.കെ. നായനാര്‍. ഒ. ഭരതന്‍ എന്നിവരുടെ സ്മൃതികുടീരത്തിലും ഇയാൾ ദ്രാവകം ഒഴിച്ചിരുന്നു.

