Saturday, May 4, 2024
spot_img

ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി വർഗീസ്; സഹോദരിയുടെ വിവാഹം നടത്തിയത് മാതാപിതാക്കളുടെ പണം കൊണ്ട്

സംവിധായകൻ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി വർഗീസ് എന്ന പെപ്പെ നേരത്തെ രം​ഗത്തെത്തിയിരുന്നു. ജൂഡ് പറഞ്ഞ കാര്യങ്ങൾ തെളിവുസഹിതം ആന്റണി വർ​ഗീസ് വാർത്താസമ്മേളനത്തിൽ നിഷേധിച്ചിരുന്നു. സിനിമയിൽ അഭിനയിക്കാനായി10 ലക്ഷം രൂപ ആന്റണി വാങ്ങിയെന്നും ആ പണം കൊണ്ടാണ് സഹോദരിയുടെ കല്യാണം നടത്തിയെന്നുമാണ് ജൂഡ് ആരോപിച്ചത്.

വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരിക്കുകയാണ് പെപ്പെ. സഹോദരിയുടെ കല്യാണ ക്ഷണക്കത്തും ബാങ്ക് സ്റ്റേറ്റ്മെന്റും ഉൾപ്പടെയുള്ള രേഖകളും താരം പങ്കുവെച്ചിട്ടുണ്ട്. കല്യാണം നടത്തിയതിൽ ഏറിയ പങ്കും വർഷങ്ങളോളം തൻറെ അച്ഛനും അമ്മയും സ്വരൂപിച്ച കാശ് ആണെന്നും താനും സഹോദരിയും വളരെ ചെറിയ പങ്ക് മാത്രമേ ചിലവഴിച്ചിട്ടുള്ളു എന്നും പെപ്പെ വ്യക്തമാക്കി.

പെപ്പെ ഫെയ്സ്ബുക്കിൽ പങ്ക് വച്ച കുറിപ്പ് വായിക്കാം

എനിക്കെതിരെ ജൂഡേട്ടൻ സോഷ്യൽ മീഡിയയിൽ രണ്ടു ദിവസം മുൻപേ നടത്തിയ പ്രസ്താവനകൾ നിങ്ങൾ കണ്ടതാണല്ലോ, അതിനുള്ള എല്ലാ മറുപടിയും ഇന്ന് രാവിലെ പറഞ്ഞതാണ്, പക്ഷെ പെങ്ങളുടെ കല്യാണത്തിനെ പറ്റി പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ഇവിടെ കൂടി പറയണമെന്നു തോന്നി..

ജൂഡേട്ടൻ പറഞ്ഞ നിർമ്മാതാവ് തന്ന കാശ് തിരിച്ചു കൊടുത്തത് 2020 ജനുവരി 27-ന് ( 27-01-2020) പിന്നെ എൻറെ സഹോദരിയുടെ കല്യാണം നടന്നത് 2021 ജനുവരി 18-ന് (18-01-2021). ഒരു വർഷം മുൻപേ തിരികെ കൊടുത്ത കാശ് വെച്ച് എങ്ങനെയാണ് ഞാൻ പെങ്ങളുടെ കല്യാണം നടത്തിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. കാശ് തിരികെ കൊടുത്ത തീയതിയും പെങ്ങളുടെ കല്യാണം നടന്ന തീയതിയും തെളിയിക്കുന്ന സ്ക്രീൻ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു.

ടൈം ട്രാവൽ സ്റ്റോറിയിൽ സത്യം ഉണ്ടെന്ന് തോന്നുന്നു അങ്ങനെ ആണല്ലോ ഇവിടെ നടന്നിരിക്കുന്നത്. ആ കല്യാണം നടത്തിയതിൽ ഏറിയ പങ്ക് വർഷങ്ങളോളം എൻറെ അപ്പയും അമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയ കാശ് തന്നെയാണ്, വളരെ ചെറിയ പങ്ക് മാത്രമേ ഞാനും പെങ്ങളും ചിലവഴിച്ചു കാണൂ, അങ്ങനെ ഉള്ളപ്പോൾ ഞാൻ ഇതെങ്കിലും പറഞ്ഞില്ലേൽ അവരോടു ചെയ്യുന്ന തെറ്റല്ലേ?? പിന്നെ എന്തെങ്കിലും അറിഞ്ഞു കഴിഞ്ഞാൽ കുടുംബത്തെ മൊത്തം ആക്ഷേപിക്കുന്നത് അത്ര നല്ലതല്ല, ഇത്രയും ദിവസം എൻറെ ഭാര്യയുടെയും പെങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ട്‌ വഴി അവർ കേട്ട അനാവശ്യങ്ങൾ കുറച്ചൊന്നും അല്ലാ…. ദയവു ചെയ്തു അവരെ വെറുതെ വിടൂ….

പിന്നെ എന്തുകൊണ്ടാണ് ആ പടത്തിൽനിന്ന് മാറിയത് എപ്പോഴാണ് മാറിയത് എന്നുള്ള കാര്യങ്ങൾ എല്ലാം രാവിലെ പറഞ്ഞു കഴിഞ്ഞു.
അതുകൊണ്ട് കൂടുതൽ കാര്യങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല, ഒന്നേ പറയാൻ ഒള്ളൂ എനിക്കെതിരെ എന്തും പറഞ്ഞോളൂ പക്ഷെ എൻറെ കുടുംബത്തെ വിട്ടേക്കൂ… ഇതൊരു അപേക്ഷയാണ്…

Related Articles

Latest Articles