Sunday, April 28, 2024
spot_img

സത്യജിത് റേയുടെ ‘സ്വന്തം’സൗമിത്ര ചാറ്റർജി അരങ്ങൊഴിഞ്ഞു;ബംഗാളി സിനിമയുടെ ജാതകം തിരുത്തിയ കലാകാരൻ

 സത്യജിത് റേ സിനിമകളുടെ മുഖമായിരുന്ന വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ആറിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. 

സത്യജിത് റേയ്‌ക്കൊപ്പം മൂന്നു പതിറ്റാണ്ടു  പ്രവർത്തിച്ച സൗമിത്ര ചാറ്റര്‍ജി ബംഗാളി സിനിമ കണ്ട എക്കാലത്തെയും മികച്ച കലാകാരനായിരുന്നു. അഭിനേതാവും കവിയും എഴുത്തുകാരനും നാടകക്കാരനും സംവിധായകനുമൊക്കെയായി ഇന്ത്യൻ സിനിമയുടെ കീർത്തി ലോകമെങ്ങും എത്തിച്ചാണ് സൗമിത്ര ചാറ്റർജി വിടവാങ്ങുന്നത്. എട്ടു പതിറ്റാണ്ടു നീളുന്ന സർഗാത്മക ജീവിതമാണ് അത്. കൽക്കട്ട യൂണിവേഴ്സിറ്റിയിലെ ബിരുദ പഠന കാലത്ത് നാടകം കളിച്ചു തുടങ്ങിയ യുവാവ് പിന്നീട ബംഗാളി തിരശീലയുടെ ജാതകം തിരുത്തിക്കുറിക്കുകയായിരുന്നു. ആകാശവാണിയിലെ കലാജീവിതത്തിനിടെ സത്യജിത്ത് റേയെ പരിചയപ്പെട്ടതായിരുന്നു വഴിത്തിരിവ്. പിന്നീട് മുപ്പതു വർഷങ്ങൾ ജീവിതവും അഭിനയവും റേയ്‌ക്കൊപ്പം. തന്‍റെ മുഖം ക്യാമറയ്ക്കു ചേർന്നതല്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന സൗമിത്ര ചാറ്റർജിയിൽ  അസാധാരണ പ്രതിഭയുള്ള അഭിനേതാവുണ്ടെന്ന് റേ തിരിച്ചറിഞ്ഞു. അങ്ങനെ ചാരുലത, അഭിജാൻ, ആരണ്യേര്‍ ദിൻ രാത്രി തുടങ്ങി നിരവധി സത്യജിത്ത് റേ സിനിമകളിൽ നായകനായി. 

Related Articles

Latest Articles