Monday, April 29, 2024
spot_img

എഴുത്തുകാര്‍ക്ക് പിന്നാലെ അഭിനേതാക്കളും പണിമുടക്കുന്നു; 63 വര്‍ഷത്തിന് ശേഷം സ്തംഭിച്ച് ഹോളിവുഡ്!

ലോസ് ആഞ്ചല്‍സ്: 63 വര്‍ഷത്തിന് ശേഷം ഹോളിവുഡ് എഴുത്തുകാരും അഭിനേതാക്കളും ഒരുമിച്ച് പണിമുടക്കുന്നു. 1,60,000 കലാകാരന്മാരെ പ്രതിനിധീകരിക്കുന്ന സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡാണ് ഏറ്റവുമൊടുവില്‍ സമരം പ്രഖ്യാപിച്ചത്. വാൾട്ട് ഡിസ്‌നി കമ്പനി, നെറ്റ്ഫ്ലിക്സ് ഇൻക് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സുമായി പുതിയ തൊഴിൽ കരാറിലെത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അഭിനേതാക്കള്‍ സമരം പ്രഖ്യാപിച്ചത്. പ്രതിഫല വര്‍ദ്ധന, എ.ഐ കാരണമുണ്ടാകാന്‍ പോകുന്ന തൊഴില്‍നഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയാണ് സമരം. എല്ലാ പ്രമുഖ വിനോദ കമ്പനികളും കഴിഞ്ഞ 18 മാസത്തിനുള്ളിൽ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുമുണ്ട്.

റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക മെയ് 2 മുതൽ പണിമുടക്കിലാണ്. സമരത്തെ തുടര്‍ന്ന് ദി ടുനൈറ്റ് ഷോ പോലുള്ള ടിവി പ്രോഗ്രാമുകൾ നിലച്ചു. എബിസിയുടെ അബോട്ട് എലിമെന്ററി, നെറ്റ്ഫ്ലിക്‌സിന്റെ സ്ട്രേഞ്ചർ തിങ്സ് എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ പ്രോഗ്രാമുകള്‍ നിർത്തിവച്ചിരിക്കുകയാണ്. അഭിനേതാക്കള്‍ കൂടി സമരരംഗത്തേക്ക് ഇറങ്ങിയതോടെ നേരത്തെ തിരക്കഥ പൂര്‍ത്തിയാക്കിയവയുടെ ഷൂട്ടിങ് ഉള്‍പ്പെടെ മുടങ്ങുന്ന സ്ഥിതിയുണ്ടാവും.

“ഈ വ്യവസായത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്ന വഴി തെരഞ്ഞെടുത്തിരിക്കുന്നു” എന്നാണ് സമരത്തോടുള്ള നിര്‍മാതാക്കളുടെ പ്രതികരണം. പണിമുടക്ക് മുഴുവൻ വ്യവസായത്തിലും ദോഷകരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഡിസ്നി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബോബ് ഇഗർ വിമര്‍ശിച്ചു.

Related Articles

Latest Articles