Wednesday, December 31, 2025

നടിയെ ആക്രമിച്ച കേസ്; മൊഴി മാറ്റിപ്പറയാൻ ലക്ഷങ്ങൾ വാഗ്ദാനം; മൊഴി നൽകിയാൽ കൊല്ലുമെന്ന് ഭീഷണി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും നടനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും മാപ്പുസാക്ഷി വിപിൻ ലാൽ.
2019 ജനുവരിയിലാണ് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ആളുകൾ സമീപിച്ചത്. ആദ്യം ഒരു ബന്ധുവിനോടായിരുന്നു ഇത് ആവശ്യപ്പെട്ടതെന്നും മൊഴിമാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്നും വീട് വച്ച് നൽകാമെന്നും വാഗ്ദാനം ചെയ്തുവെന്നും തങ്ങൾ ദിലീപിന്‍റെ ആളുകളാണെന്ന് അവര്‍ വ്യക്തമാക്കിയതായും കേസില്‍ മാപ്പുസാക്ഷിയായ വിപിൻ ലാൽ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ നൽകിയ മൊഴി മാറ്റിപ്പറയാൻ താന്‍ തയ്യാറല്ലെന്ന് അവരെ അറിയിച്ചു. ഇതിന് ശേഷമാണ് ഭീഷണിക്കത്തുകൾ എത്തുന്നത്. നവംബറിൽ കേസ് പരിഗണിക്കുമ്പോൾ മൊഴി മാറ്റിപ്പറയണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് കത്തിലെ സന്ദേശം. കാസര്‍കോട് വന്ന് നിന്‍റെ ബന്ധുവിനേയും നിന്നെയും കണ്ടതല്ലേ. എന്നിട്ടും മൊഴി മാറ്റില്ലാ എന്നാണോ തീരുമാനം. അങ്ങനെയെങ്കിൽ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നുമാണ് കത്തിലുള്ളത്. കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഭീഷണിക്കത്തുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. എറണാകുളം എംജി റോഡ്, ആലുവ എന്നിവിടങ്ങളിൽ നിന്നും പോസ്റ്റ് ചെയ്തതാണ് കത്തുകൾ. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം സ്വാധീനിക്കാൻ വന്ന ആളുകളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

വന്നത് ദിലീപിൻറെ ആളുകൾ തന്നെയെന്നാണ് വിശ്വസിക്കുന്നത്. അല്ലാതെ മറ്റാർക്കും ബന്ധപ്പെടേണ്ട കാര്യമില്ല. ദിലീപുമായി വ്യക്തി വൈരാഗ്യമൊന്നുമില്ല. സിനിമയിൽ കണ്ട പരിചയം മാത്രമാണ് തനിക്കുള്ളതെന്നും വിപിന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ദിലീപിന് പങ്കില്ലെന്നാണ് നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ പറഞ്ഞിരുന്നത്. യഥാർത്ഥ മൊഴി അതല്ല. ഭയം കൊണ്ടാണ് അന്ന് അങ്ങനെ പറയേണ്ടി വന്നതെന്നും സഹതടവുകാരനായ സുനിൽകുമാറിന് കത്ത് എഴുതി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും വിപിൻ ലാൽ വ്യക്തമാക്കി.

Related Articles

Latest Articles