Wednesday, May 15, 2024
spot_img

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസ്: മൊഴി നല്‍കാന്‍ മഞ്ജു വാര്യര്‍ വ്യാഴാഴ്ച സി ബി ഐ കോടതിയില്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ നിര്‍ണായകമായ മൊഴികള്‍ ഈ ആഴ്ച കോടതി രേഖപ്പെടുത്തും. ഈ വ്യാഴാഴ്ച മഞ്ജു വാര്യര്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍, വെള്ളിയാഴ്ച ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍, ശനിയാഴ്ച സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, അടുത്ത മാസം 4ന് റിമി ടോമി എന്നിവരാണ് മൊഴി നല്‍കാന്‍ എത്തുന്നത്. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയില്‍ രഹസ്യമായാണ് മൊഴിയെടുക്കലും എതിര്‍ വിസ്താരവും നടക്കുന്നത്.

കേസിലെ പ്രതിയായ ദിലീപിന്റെ മുന്‍ ഭാര്യ എന്ന നിലയില്‍ മഞ്ജു വാര്യരുടെ മൊഴിയും കേസില്‍ നിര്‍ണ്ണായകമാണ്. കേസിന്റെ ജാമ്യാപേക്ഷയിലും തുടര്‍ഘട്ടങ്ങളിലും ദിലീപിന്റെ ആരോപണം പ്രധാനമായും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ആയിരുന്നു. മൊഴി നല്‍കുന്നവരെ, ദിലീപിന്റെ അഭിഭാഷകന്‍ അടക്കമുള്ള പ്രതിഭാഗ അഭിഭാഷകര്‍ക്ക് ക്രോസ് വിസ്താരം ചെയ്യാനും അവസരമുണ്ട്.

കേസിലെ വാദിയായ നടിയുമായും പ്രതിയായ ദിലീപുമായും ഒരേ പോലെ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധവും പരിചയവും ഉള്ളവരാണ് മൊഴി കൊടുക്കാനെത്തുന്ന താരങ്ങള്‍. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള സൗഹൃദവും പിന്നീടുണ്ടായ അകല്‍ച്ചയും നേരിട്ട് അറിയാവുന്നവരാണ് സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ ദാസ്, ബിന്ദു പണിക്കര്‍, റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ പ്രോസിക്യൂഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതും ഇരുവരും തമ്മിലുള്ള വ്യക്തിവിരോധമാണ്.

കേസന്വേഷണം ആദ്യം പള്‍സര്‍ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു മുന്നോട്ട് പോയത്. എന്നാല്‍ താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയില്‍ ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും ഈ താരങ്ങള്‍ സാക്ഷികളാണ്. ആക്രമിക്കപ്പെട്ട നടി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഈ താരങ്ങളോട് പലപ്പോഴും പങ്കുവച്ചിരുന്നു.

മഞ്ജു വാര്യരുടെ സുഹൃത്തായിരുന്ന ശ്രീകുമാര്‍ മേനോന്‍, വ്യക്തിവിരോധം തീര്‍ക്കാന്‍ തന്നെ കേസിലേക്ക് വലിച്ചിഴച്ചതാണെന്നും ആരോപിച്ചിരുന്നതിനാല്‍ ഈ കേസിലെ പ്രധാന സാക്ഷിയാണ് ശ്രീകുമാര്‍ മേനോന്‍. ഇദ്ദേഹത്തിന്റെ മൊഴികളും ക്രോസ് വിസ്താരവും നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവാകും.

Related Articles

Latest Articles