Friday, October 2, 2026

നടിയെ അപമാനിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് ഉടൻ; കളമശേരി പോലീസ് പെരിന്തൽമണ്ണയിലെത്തി

കൊച്ചി: ലുലു മാളിൽ വച്ച് നടിയെ അപമാനിച്ച കേസിൽ പ്രതികളെ ഉടൻ അറസ്റുചെയ്യും. ഇതിനായി കളമശേരി പൊലീസ് സംഘം പെരിന്തൽമണ്ണയിലെത്തി. പ്രതികളുടെ അഭിഭാഷകനുമായി പൊലീസ് ചർച്ച നടത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. നടിയുടെ മൊഴി എടുക്കാൻ വൈകുന്നത് അവർ സ്ഥലത്ത് ഇല്ലാത്തത് കൊണ്ടാണെന്നും പൊലീസ് അറിയിച്ചു.

പ്രതികളെ കസ്റ്റഡിയിൽ എടുത്തശേഷം കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് തങ്ങളുടെ ഭാഗം കോടതിയിൽ പറയാമെന്ന് പൊലീസ് പറഞ്ഞു. മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിൻഷാദ് ,ആദിൽ എന്നിവരാണ് കേസിലെ പ്രതികൾ. മനപ്പൂർവ്വം നടിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലന്നും നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്നുമാണ് പ്രതികളുടെ പ്രതികരണം.

കൊച്ചിയിലെ മാളിൽ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് യുവനടിയെ അപമാനിക്കാൻ ശ്രമിച്ചത്. സംഭവശേഷം മെട്രോയിൽ കയറിയ പ്രതികൾ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മലബാറിലേക്ക് ട്രെയിൻ കയറിയത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ജോലി ആവശ്യത്തിനായാണ് തങ്ങൾ കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറയുന്നു. ഇവിടെ വച്ച് നടിയെ കണ്ടെന്നും അടുത്തു പോയി സംസാരിച്ചെന്നും പ്രതികൾ പറയുന്നു. അതേസമയം നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഒരു ദുരുദേശ്യത്തോടെ സ്പർശിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവർ പറയുന്നു.

അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ല. എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണ്. സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടർന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്നും പ്രതികൾ പറയുഞ്ഞു.

എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് പ്രതികള്‍ യാത്ര ചെയ്തുവെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എറണാകുളത്തിന് വടക്കോട്ടുള്ള ജില്ലകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്. ഇന്നലെ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിയുന്നവര്‍ കളമശേരി പൊലീസില്‍ അറിയിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നടി എറണാകുളത്ത് തിരിച്ചെത്തിയാല്‍ ഉടന്‍ മൊഴിയെടുക്കാനാണ് കളമശേരി പൊലീസിന്റെ തീരുമാനം.

Related Articles

Latest Articles