മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരിയാണ് മീര ജാസ്‌മിൻ. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി. താരത്തിന്റെ രണ്ടാം വരവിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീര എത്തുന്നത്. കൂടാതെ ഇനി സിനിമയിൽ സജീവമായി തുടരുമെന്നും യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ചതിനു ശേഷം മീര പറഞ്ഞു.
മാത്രമല്ല അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്, ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് തനിക്ക് കിട്ടിയിരിക്കുന്നതെന്നും മീര പറഞ്ഞു. സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ നല്ല തുടക്കമാകും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മീര പറഞ്ഞു.
തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തനിക്ക് വലിയ സന്തോഷം നൽകുന്നതാണെന്നും ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഇൻഡസ്ട്രിയിൽ ഉണ്ടാകുമെന്നും മീര വ്യക്തമാക്കി. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുകയാണ്.

