Saturday, January 10, 2026

കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് പിടികൂടിയ അഫ്ഗാൻ പൗരൻ, പാക് റിക്രൂട്ട്മെന്റ്? ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അഫ്ഗാന്‍ പൗരനെ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. അഫ്ഗാന്‍ പൗരനായ ഈദ് ഗുല്‍ പാകിസ്ഥാനിലും ജോലി ചെയ്തതായാണ് കണ്ടെത്തല്‍. ചോദ്യംചെയ്യലിൽ കറാച്ചി തുറമുഖത്ത് ഈദ് ​ഗുൽ പണിയെടുത്തതായി സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.

അതേസമയം ഇതോടെ സംഭവത്തിൽ കൂടുതൽ കാര്യങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ അന്വേഷണ സംഘം. ഈദ് ​ഗുലിന്റെ പാക് ബന്ധം പരിശോധിക്കുകയാണ് ഇനി ലക്ഷ്യം. ഇതിനായി ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ഈദ് ​ഗുൽ കൊച്ചിയിലേക്കുള്ള പാക് റിക്രൂട്ട്മെന്റാണോയെന്നും പരിശോധിക്കും. കൊച്ചി കപ്പൽ ശാലയിൽ ഐഎന്‍എസ് വിക്രാന്തിന്റെ പണികൾ നടക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങള്‍ ശേഖരിച്ചോയെന്നതാണ് പ്രധാനമായും തെളിയിക്കേണ്ടത്. ആദ്യഘട്ട ചോദ്യം ചെയ്യലിനോട് ഈദ് ഗുല്‍ കാര്യമായി സഹകരിച്ചിരുന്നില്ല.

കഴിഞ്ഞ മാസമാണ് കൊച്ചിൻ ഷിപ്പ്‌യാർഡിൽ അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്തുവന്നിരുന്ന ഈദ് ​ഗുൽ അറസ്റ്റിലാകുന്നത് . അഫ്ഗാൻ സ്വദേശിയാണ് ഈദ് ഗുൽ. അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. എന്നാൽ സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവർ ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം ഈദ്ഗുലിന്റെ പിതാവ് ഭറാത്ത് ഖാൻ അഫ്ഗാൻ പൗരനും, അമ്മ ദലീറോ ബീഗം അസം സ്വദേശിയുമാണ്. ഈദ്ഗുൽ ജനിച്ചതും പഠിച്ചതും അഫ്ഗാനിലാണ്. 2018ൽ മെഡിക്കൽ വിസയിലാണ് ഇന്ത്യയിലെത്തിയത്. ഇവിടെ വിവിധ ജോലികൾ നോക്കി കഴിയവെയാണ് അമ്മയുടെ സഹോദരന്മാർക്കൊപ്പം കൊച്ചിയിൽ എത്തുന്നത്. അമ്മയുടെ സഹോദരന്മാരിൽ ചിലർ ഏറെക്കാലമായി കപ്പൽശാലയിൽ കരാർ തൊഴിലാളികളാണ്. അവർ വഴിയാണ് വെൽഡിംഗ് ഉൾപ്പെടെ പണികൾക്കായി ജോലിക്ക് കയറിയത്. അതിനുവേണ്ടിയാണ് അമ്മയുടെ നാടായ അസമിന്റെ പേരിൽ വ്യാജ തിരിച്ചറിയൽ രേഖ തയ്യാറാക്കിയത്. വ്യാജരേഖ ചമച്ചതിനും പാസ്പോ‌ർട്ട് ചട്ടം ലംഘിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ്. ഈദ്ഗുലിന്റെ മാതാവിന് ഒമ്പത് സഹോദരങ്ങളാണുള്ളത്. ഇവരിൽ കപ്പൽശാലയിൽ ജോലി ചെയ്യുന്നവർക്കൊപ്പം ഈദ്ഗുൽ 2019 നവംബറിലാണ് കൊച്ചിയിൽ എത്തിയത്. തേവരയിലെ വാടക വീട്ടിലായിരുന്നു താമസം.

എന്നാൽ ഇക്കഴിഞ്ഞ ജൂൺ 26ന് ഈദ്ഗുലും അമ്മയുടെ സഹോദരന്മാരും തമ്മിൽ തെറ്റി. പിന്നാലെ അവർ ഈദ്ഗുലിന്റെ രഹസ്യം സുരക്ഷാ ജീവനക്കാരോട് വെളിപ്പെടുത്തി. ഈദ്ഗുൽ സബ് കോൺട്രാക്ടർ വഴിയാണ് ജോലിയിൽ പ്രവേശിച്ചതെന്നും ഇയാളുടെ യഥാർത്ഥ പേരും വിളിപ്പേരും തമ്മിൽ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്ഗാൻ പൗരനാണെന്ന് കണ്ടെത്തിയതെന്നുമാണ് കൊച്ചിൻ കപ്പൽശാലയുടെ വിശദീകരണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles