Saturday, April 27, 2024
spot_img

സംസ്ഥാനം ഭീതിയിൽ; വയനാട്ടില്‍ ആഫിക്കന്‍ പന്നിപ്പനി, സ്ഥിരീകരിച്ചത് മാനന്തവാടിയിലെ ഫാമിൽ

കല്‍പ്പറ്റ: സംസ്ഥാനത്തെ ഭീതിയിലാക്കി വയനാട്ടിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ മാനന്തവാടിയിലുള്ള ഒരു ഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചത്. ഇവിടെയുള്ള പന്നികള്‍ കൂട്ടത്തോടെ ചത്തത്തോടെ സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരുന്നു. ഇന്നലെ രാത്രിയാണ് ഭോപ്പാലില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചത്. പന്നികളില്‍ നിന്ന് പന്നികളിലേക്ക് പടരുന്ന രോഗമാണിത്. അതിനാൽ മനുഷ്യരിലേക്ക് പകരില്ല. എന്നാൽ പന്നിയെ ഭക്ഷണമാക്കുന്നതിലൂടെ രോഗം മനുഷ്യ ശരീരത്തിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. ഇതിനാല്‍ രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവന്‍ പന്നികളേയും കൂട്ടത്തോടെ കൊന്നൊടുക്കും.

അതേസമയം, രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ വളർത്തുന്ന പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി കേരളത്തിലേക്ക് പന്നികളെ കൊണ്ടുവരുന്നതിനും സംസ്ഥാനത്ത് നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

റെയിൽവേ, വ്യോമ മാർഗം, റോഡ്, വഴി സംസ്ഥാനത്തേക്കോ, സംസ്ഥാനത്ത് നിന്ന് പുറത്തേക്കോ കടത്താൻ പാടില്ലെന്നാണ് നിർദേശം. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. കൂടാതെ ഫാമുകള്‍ അണുവിമുക്തമാക്കാനും നിര്‍ദേശം നല്‍കി. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല. പന്നികളെ ബാധിക്കുന്ന അതി ഗുരുതരമായ ഈ രോഗത്തിന് ഫലപ്രദമായ ചികില്‍സയോ വാക്‌സിനോ നിലവിലില്ല.

Related Articles

Latest Articles