Sunday, April 28, 2024
spot_img

സന്ധ്യ കഴിഞ്ഞാൽ അടിവസ്ത്രം ധരിച്ച്, ദേഹത്ത് കരിയോയിലുമൊഴിച്ച് അവൻ എത്തും! വാതിലില്‍ മുട്ടിയും വീടിന്‍റെ ചുമരില്‍ കൈയടയാളം പതിപ്പിച്ചും നാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും ഒരു മുഖം മൂടിധാരി

കണ്ണൂർ: ആലക്കോടിന് പിന്നാലെ ചെറുപുഴയിലും മുഖം മൂടി ധരിച്ച് നാട്ടുകാരുടെ ഉറക്കം കെടുത്തികൊണ്ട് അജ്ഞാതന്റെ വിളയാട്ടം. വാതിലില്‍ മുട്ടിയും വീടിന്‍റെ ചുമരില്‍ കൈയടയാളം പതിച്ചുമൊക്കെയാണ് മുഖം മൂടിധാരി ഭീതി പടർത്തുന്നത്. പോലീസും നാട്ടുകാരും രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ അജ്ഞാതന്റെ പൊടി പോലും കണ്ടെത്താൻ കഴിഞ്ഞില്ല.

ആലക്കോട് തേര്‍ത്തല്ലിയിലായിരുന്നു ആദ്യം അജ്ഞാതന്‍ ഇറങ്ങിയത്. സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ പിന്നെ അടിവസ്ത്രം ധരിച്ച് ദേഹത്ത് കരിയോയിലൊഴിച്ച് മുഖം മൂടിധാരിയെത്തും. കണ്ടവര്‍ പലരുണ്ടെങ്കിലും അജ്ഞാതന്‍ ഇതുവരെ പിടി കൊടുത്തിട്ടില്ല. വീടുകളുടെ കതകില്‍ മുട്ടി ഭീതി വിതച്ച് രാത്രി മുഴുവന്‍ കറങ്ങി നടക്കും. വീടുകളിലെ പൈപ്പും തുറന്നിടും. അങ്ങനെ അജ്ഞാതന്‍റെ വിക്രിയകള്‍ പലതായിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അജ്ഞാതന്‍റെ ശല്യം ആലക്കോട് പോലീസ് സ്റ്റേഷന് പരിധിയില്‍ അവസാനിച്ചതിന്‍റെ ആശ്വാസത്തിലായിരുന്നു നാട്ടുകാര്‍. പിന്നാലെ അജ്ഞാതന്‍ എത്തിയത് ചെറുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. പ്രൊപ്പൊയില്‍, കക്കോട്, കന്നിക്കടവ് ഭാഗത്താണ് അജ്ഞാതനെത്തി ഭീതി വിതയ്ക്കുന്നത്. വീടുകളുടെ കതകില്‍ മുട്ടിയശേഷം ആളുകളുണരുമ്പോള്‍ അജ്ഞാതന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടും. വീടുകളുടെ ഭിത്തിയില്‍ കൈയടയാളം പതിപ്പിച്ചാണ് അടുത്ത വീട്ടിലേക്ക് ഇയാള്‍ യാത്രയാകുന്നത്.

പ്രാപ്പൊയില്‍ ഭാഗത്തെ കാലിത്തൊഴുത്തില്‍ ഒളിച്ചിരിക്കുന്നതിനിടെ നാട്ടുകാരെ കണ്ട് അജ്ഞാതന്‍ സ്ഥലം വിട്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ നിന്നും ഒരു ചെരിപ്പും കണ്ടെത്തി. ഒരേ സമയം പലയിടത്തും അജ്ഞാതനെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഇതിന് പിന്നില്‍ ഒരു സംഘം തന്നെയുണ്ടോയെന്നതാണ് സംശയം. നാട്ടുകാര്‍ സംഘടിച്ച് രാത്രിയില്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് അജ്ഞാതനായി തിരച്ചില്‍ നടത്തുന്നുണ്ട്. ചെറുപുഴ പോലീസ് ഈ മേഖലയില്‍ പട്രോളിംഗ് ശക്തമാക്കി. നാട്ടുകാരെ ഭയപ്പെടുത്താനായി ഇറങ്ങിയ ആരെങ്കിലുമാകും ഈ അജ്ഞാതനെന്ന നിഗമനത്തിലാണ് പോലീസ്.

Related Articles

Latest Articles