Friday, April 26, 2024
spot_img

മിഗ് 21 വിമാനം തകർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന; അപകടം പരിശീലന പറക്കലിനിടെ പാക് അതിർത്തിയോട് ചേർന്ന ഗ്രാമത്തിൽ; വിമാനാവശിഷ്ടങ്ങൾ അരകിലോമീറ്റർ ചുറ്റളവിൽ ചിതറിത്തെറിച്ചു

ബാർമേർ: രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. ഇന്നലെ രാത്രി 9.10 നായിരുന്നു അപകടം. പാക് അതിർത്തിയോട് ചേർന്ന ബാർമേർ ജില്ലയിലാണ് വ്യോമസേനാ വിമാനം തകർന്നുവീണത്. പരിശീലന പാറക്കലിനിടെയാണ് അപകടം. അതുകൊണ്ടുതന്നെ രണ്ടു പൈലറ്റ്മാർ വിമാനത്തിലുണ്ടായിരുന്നു. ആകാശത്തുവച്ചു തന്നെ വിമാനം പൊട്ടിത്തെറിച്ച് താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ജില്ലയിലെ ഭിംദ ഗ്രാമത്തിൽ അര കിലോമീറ്റർ ചുറ്റളവിലാണ് വിമാനാവശിഷ്ടങ്ങൾ പതിച്ചത്. അപകട കാരണം അറിവായിട്ടില്ല. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വൈമാനികരുടെ കുടുംബാംഗങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം അറിയിച്ചു.

റഷ്യൻ നിർമ്മിത യുദ്ധവിമാനമായ മിഗ് 21 ഇതിനു മുന്നേയും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്ന് മിഗ് വിമാനങ്ങളുടെ ഒരു സുരക്ഷാ ഓഡിറ്റ് വ്യോമസേനാ ഈയിടെ നടത്തിയിരുന്നു. അപകട കാരണത്തെ കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികളുണ്ടാകുമെന്ന് വ്യോമസേനാ അധികൃതർ അറിയിച്ചു.

Related Articles

Latest Articles