Tuesday, May 7, 2024
spot_img

ദില്ലിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷമായി; ഉന്നതതല യോഗം വിളിച്ച് പരിസ്ഥിതി മന്ത്രി, സ്മോഗ് ടവറുകൾ ഉടൻ തുറന്നേക്കും

ദില്ലി: ഒരു ദിവസത്തെ നേരിയ ആശ്വാസത്തിന് ശേഷം ദില്ലിയിലെ വായുമലിനീകരണം വീണ്ടും രൂക്ഷമായി. അ‌ന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഉന്നത തല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് സെക്രട്ടേറിയറ്റിൽ ആണ് യോഗം വിളിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട്, റവന്യൂ മന്ത്രി അതിഷി, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

അ‌തേസമയം, കൊണാട്ട് പ്ലേസിലെ സ്മോഗ് ടവർ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് ഉടൻ തുറന്നേക്കും. ഇതിന്റെ ഭാഗമായി മെയിന്റനൻസ് ആൻഡ് സർവീസ് വിഭാഗം ഉദ്യോഗസ്ഥർ സ്മോഗ് ടവറിൽ എത്തിയിട്ടുണ്ട്. സ്മോഗ് ടവറുകൾ അടച്ചുപൂട്ടിയതിനെതിരേ ഡൽഹി മലിനീകരണ നിയന്ത്രണ സമിതി (സിപിസിസി) ചെയർമാൻ അശ്വനി കുമാറിനെ സുപ്രീം കോടതി ചൊവ്വാഴ്ച വിളിച്ചുവരുത്തുകയും ടവറുകൾ ഉടൻ പ്രവർത്തനക്ഷമമാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി. 2021ൽ നിർമ്മിച്ച 24 മീറ്റർ ഉയരമുള്ള സ്മോഗ് ടവറിന് സെക്കൻഡിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ 1,000 ക്യുബിക് മീറ്റർ വായു ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ടായിരുന്നു.

Related Articles

Latest Articles