Sunday, April 28, 2024
spot_img

മദ്യ വർജ്ജനം പ്രസംഗത്തിൽ മാത്രം ! വ്യവസായ പാർക്കിലും മദ്യമൊഴുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യ പുഴയൊരുക്കാൻ ഒരുങ്ങി സംസ്ഥാനസർക്കാർ. മദ്യ വർജ്ജന നയത്തെക്കുറിച്ച് പ്രസ്താവനകളിറക്കുന്ന അതേസർക്കാർ തന്നെ ഐടി പാർക്കുകൾക്കു പുറമേ വ്യവസായ പാർക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യം വിളമ്പുന്നതിനു ലൈസൻസ് അനുവദിക്കുന്നതിനു അംഗീകാരം നൽകി. ഇതിനായി വ്യവസായ വകുപ്പുമായി ആലോചിച്ച് ചട്ടം നിർമിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ഐടി പാർക്കുകളിൽ വിദേശ മദ്യം വിതരണം ചെയ്യുന്നതിനു ചട്ടഭേദഗതി പുരോഗതിയിലാണെന്ന് മദ്യനയം പ്രഖ്യാപിച്ചുകൊണ്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റുകള്‍ക്ക് ടൂറിസം സീസണിൽ മാത്രം ബിയറും വൈനും വിൽപന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കും. ഇവിടെ മദ്യവിതരണത്തിന് അനുമതി നൽകില്ല. സംസ്ഥാനത്ത് ഇപ്പോൾ 559 വിദേശ മദ്യ ചില്ലറ വിൽപനശാലകള്‍ക്കാണ് അനുമതിയുള്ളത്. ഇതിൽ 309 ഷോപ്പുകളാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. അവശേഷിപ്പിക്കുന്നവയിൽ നിയമപ്രശ്നമില്ലാത്തവ തുറന്നു പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കും.
വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനുള്ളിൽ തന്നെ നിർമിക്കുന്നതിനുള്ള സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് സർക്കാർ. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ ക്രമീകരണം വരുത്തും. മദ്യത്തിന്റെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന ഉയർന്ന ബ്രാൻഡ് റജിസ്ട്രേഷൻ ഫീസും എക്സ്പോർട്ട് ഫീസും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പുനഃക്രമീകരിക്കും.

സംസ്ഥാനത്ത് മദ്യ ഉൽപാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോള്‍ കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കും. പഴ വർഗങ്ങളിൽ നിന്നു വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിന് ആവശ്യമായ നിയമനിർമാണം നടത്തും. ബാർ ലൈസൻസ് ഫീസ് 30,00,000ൽ നിന്ന് 35,00,000 രൂപയായി വർധിപ്പിച്ചു. സീ-മെൻ, മറൈൻ ഓഫിസേഴ്സ് എന്നിവർക്കുള്ള ക്ലബ്ബുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസ് ഫീസ് 50,000ൽ നിന്ന് 2,00,000 രൂപയായി വർധിപ്പിച്ചു. കള്ള് ഉൽപാദനം കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാന്റേഷൻ അടിസ്ഥാനത്തിലും പ്രോത്സാഹിപ്പിക്കും. ‘കേരളാ ടോഡി’ എന്ന പേരിൽ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യും. മൂന്ന് സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകൾക്കും, വിനോദ സഞ്ചാരമേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കും അതതു സ്ഥാപനങ്ങൾക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉൽപാദിപ്പിച്ച് അതിഥികൾക്ക് നൽകുന്നതിന് അനുവാദം നൽകും. അതതു ദിവസങ്ങളിലെ വിൽപനയ്ക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കിക്കളയുന്നതിന് പകരം, അതിൽ നിന്നും വിനാഗിരി പോലെയുള്ള മൂല്യ വർധിത വസ്തുക്കൾ നിർമിക്കുന്നതിന് കുടുംബശ്രീക്ക് ചുമതല നൽകും.

Related Articles

Latest Articles