Monday, April 29, 2024
spot_img

“എല്ലാ തീവ്രവാദത്തിനും മതമില്ലായിരിക്കാം, പക്ഷേ നമ്മൾ ഇന്ന് നേരിടുന്ന തീവ്രവാദത്തിന് കൃത്യമായ മതമുണ്ട്, മതബോധമുണ്ട്, മതവിശ്വാസമുണ്ട്; നമ്മൾ നേരിടുന്ന വലിയ പ്രശ്നം സൈലൻസ് ഓഫ് മാസ്!” തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള

തീവ്രവാദത്തിന് മതമില്ല എന്ന് പറയുന്നത് വളരെ അപകടകരമായ ഒരു കാര്യമാണെന്നും ഇവിടെ നമ്മളെ സംബന്ധിച്ചിടത്തോളം നമ്മൾ നേരിടുന്ന വലിയ പ്രശ്നം സൈലൻസ് ഓഫ് മാസ് ആണെന്നും അഭിപ്രായപ്പെട്ട് തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള. ജനം ടിവി സംഘടിപ്പിച്ച ” NIA ഇല്ലായിരുന്നെങ്കിലോ ” എന്ന എഡിറ്റർ’സ് ചോയ്സ് ഡിബേറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളത്തിൽ മൂന്നു കോടി ജനങ്ങൾ ഉള്ളതിൽ 100 പേർ മാത്രമല്ലേ പോയുള്ളൂ.. അത് കുറവല്ലേ എന്നൊക്കെ പറഞ്ഞു ന്യായീകരിക്കുന്നവരുണ്ട്. അതിൽ കൂടുതൽ ആളുകൾ പോയിട്ടുണ്ട്. അതിൽ ചിലർ കേരളത്തിൽ നിന്ന് നേരിട്ട് അല്ല പോയിരിക്കുന്നത് എന്നേയുള്ളൂ. നിരവധി ആളുകൾ പോയിട്ടുണ്ട് NIA യുടെ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമാണ്. വലിയൊരു അത്ഭുതമാണ് കേരളം. തീവ്രവാദം നാടിന്റെ നട്ടെല്ലൊടിക്കുന്ന രാജ്യത്തിന്റെ സമാധാനത്തിന് ഭംഗമുണ്ടാക്കുന്ന, നാട്ടിലെ സമാധാന ജീവിതം മുഴുവൻ താറുമാറാക്കാവുന്ന ഒരു വലിയ വിപത്താണ്. ആ വിപത്ത് തൊട്ടരികിൽ അല്ലെങ്കിൽ നമ്മളെ ഗ്രസിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിലും അങ്ങനെയൊന്നും ഇല്ലെന്ന് പറയാൻ അവകാശപ്പെടാനും അഭിനയിക്കാനും മലയാളികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. വേറെ ഒരു രാജ്യത്തും, കമ്മ്യൂണിസ്റ്റ് തീവ്രവാദം ഉള്ള രാജ്യങ്ങളിൽ പോലും, ആ തീവ്രവാദത്തെ അതാത് ഭരണകൂടങ്ങൾ നേരിടുന്നത് എങ്ങനെയെന്ന് നമുക്കറിയാം. ഇസ്ലാമിക തീവ്രവാദം പൊട്ടിമുളച്ച എല്ലാ രാജ്യങ്ങളും, ആ തീവ്രവാദത്തെ നേരിടാൻ സാധിക്കാതെ പരാജയപ്പെട്ടു പോയവർ അത് അതിന്റെ ദുരന്തം അനുഭവിച്ചിട്ടുണ്ട്. ഈ തെളിവുകളെല്ലാം ഉണ്ടായിട്ടും യാതൊരു കുഴപ്പവുമില്ല ഇത് കേരളമാണ്, മതമൈത്രി ആണ്, ഇവിടെ എല്ലാവരും സൗഹൃദത്തിലാണ്, നിങ്ങളാണ് ഇവിടെ പ്രശ്നമുണ്ടാക്കുന്നത് എന്ന് നമ്മളോട്, ഈ വിഷയം നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന നമ്മളോട് പഠിപ്പിക്കാൻ ശ്രമിക്കുന്ന ആൾക്കാർ, അത് കേരളത്തിൽ മാത്രമേയുള്ളൂ. ഇതൊരു മഹാത്ഭുതമാണ്. ഒന്നുകിൽ ഇവർക്ക് പൂർണ്ണമായി അടി തെറ്റിയിരിക്കുന്നു, ഇവർക്ക് യാഥാർത്ഥ്യബോധമെന്ന ഒരു സാധനം ഇല്ല അതല്ലെങ്കിൽ ഇത് മനപൂർവം ചെയ്യുന്നതാണ്. കേരളത്തിലെ ഇസ്ലാമിക തീവ്രവാദം ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ല. യഥാർത്ഥത്തിൽ 92ലെ പൂന്തുറ കലാപത്തിൽ തന്നെ അന്ന് ആ കലാപം അന്വേഷിച്ച കമ്മീഷൻ പറഞ്ഞതാണ്.ഇത് സാധാരണ മതവൈര്യത്തിന്റെ പേരിൽ അപ്പോഴുണ്ടായ സ്പൊൺടാനിയസ് ആയുള്ള സംഘട്ടനം ഒന്നുമല്ല, ഇതിന്റെ പിന്നിൽ കൃത്യമായിട്ട് ഛിദ്ര ശക്തികൾ ഉണ്ട്. അന്വേഷണം വേണമെന്നും പറഞ്ഞു. ISS എന്ന് പറയുന്ന ഒരു സംഘടന നിരോധിച്ചതോടുകൂടി അന്വേഷണവും ആ പറച്ചിലും അവസാനിച്ചു. ഒന്നും സംഭവിച്ചിട്ടില്ല എന്ന് അതേ ആറ്റിറ്റ്യൂടാണ് ഇപ്പോൾ ഇത്രയും വർഷങ്ങൾക്കിപ്പുറവും നമ്മൾ പിന്തുടരുന്നത്. എങ്ങനെയെങ്കിലും ഒരു വലിയ വിഷയം ഉണ്ടാകുമ്പോൾ എന്തെങ്കിലുമൊക്കെ പറയും അല്ലെങ്കിൽ രണ്ടു ദിവസത്തെ ചർച്ച ഉണ്ടാകും. ഇപ്പോൾ കോഴിക്കോട് ട്രെയിൻ കത്തിച്ച കേസ്, എവിടെപ്പോയി? വാർത്തകളിൽ പോലുമില്ല, ഓർമ്മകളിൽ പോലുമില്ല. ഏറ്റവും അവസാനത്തെ വിഷയം ആയതുകൊണ്ട് പറഞ്ഞതാണ്.ഇങ്ങനെ നിരവധി കേസുകൾ ഉണ്ട്. ഇതിലെ ഏറ്റവും രസകരമായ കാര്യം എന്നത് കേരളത്തിലെ ഇന്റർനാഷണൽ ടെററിസത്തിന്റെ നേഴ്സറിയോ സർവകലാശാലയോ ആകട്ടെ കേരളത്തിൽ കൃത്യമായി ഇതിനൊരു എക്കോ സിസ്റ്റം ഉണ്ട്. കേരളത്തിൽ കൃത്യമായി ഇതിനൊരു നെറ്റ്‌വർക്ക് ഉണ്ട്. ഇത് നമുക്ക് മാത്രം അറിയില്ല ISKP എന്നു പറയുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് കോറസ് ആൻഡ് പ്രൊവിൻസ്, ഇപ്പോഴത്തെ ഏറ്റവും ശക്തമായ ഇസ്ലാമിക് സ്റ്റേറ്റ് യൂണിറ്റ്, IS തീർന്നു ഇനി IS ഇല്ല എന്നൊക്കെ ഇവിടെ പലരും പറഞ്ഞു പ്രചരിപ്പിക്കുന്നുണ്ട്. ശരിയല്ലത്. ISKP വളരെ ശക്തമായ സംഘടനയാണ്. ആ സംഘടനയുടെ മാസികയിൽ അവർ കേരളത്തിൽ നിന്നുള്ള രക്തസാക്ഷികളെന്ന് പറഞ്ഞ് മലയാളികളെ അവതരിപ്പിച്ചിട്ടുണ്ട്. കാബൂളിൽ പൊട്ടിത്തെറിച്ചതും പാകിസ്ഥാനിൽ പൊട്ടിത്തെറിച്ചതും എല്ലാം മലയാളികളാണ്. അത് വളരെ കൃത്യമായി അവർ പറയുന്നുണ്ട്. അപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് അവകാശപ്പെടുന്നുണ്ട് മലയാളികളായ ട്രെയിൻ തീവ്രവാദികൾ ഉണ്ടെന്ന്. ശ്രീലങ്കയിലെ ഈസ്റ്റർ ദിനത്തിൽ, 2019ലെ ബോംബ് സ്ഫോടനത്തിൽ അന്ന് ശ്രീലങ്കയുടെ ആർമി ചീഫ് ബിബിസിയോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു കേരള തീവ്രവാദികളാണ് ഇതിന്റെ നെറ്റ്‌വർക്ക് പ്രധാന ഭാഗമെന്ന്. അദ്ദേഹം ചില പേരുകളും പറഞ്ഞു. കേരളത്തിൽ മാത്രം അതൊരു ചലനവും ഉണ്ടാക്കിയില്ല. ഏതാണ് വർഷങ്ങൾക്കു മുമ്പ് ഐക്യരാഷ്ട്രസഭ പറഞ്ഞു കേരളത്തിലും കർണാടകയിലും ഐഎസ് മോഡ്യൂളുകൾ ഉണ്ട് തീവ്രവാദികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെണ്ടെന്ന്. അപ്പോഴും നമ്മൾ അനങ്ങിയില്ല. ഏറ്റവും ഒടുവിൽ എൻഐഎ നടപടികളുമായി ശക്തമായി മുന്നോട്ടു പോകുമ്പോൾ എൻഐഎ യെചീത്ത പറയുവാനും എൻഐഎയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും ആരോപിക്കുന്നു. അപ്പോൾ കേരളത്തിൽ ഇത്രയും വർഷം, 92 മുതൽ നടന്ന എല്ലാ സംഭവങ്ങളുടെയും ഒരു പരമ്പര തന്നെ പറയാം..എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്..ഇതെല്ലാം ആരുടെയെങ്കിലും ഭാവന ആണോ? 130 കോടി ജനങ്ങളുള്ള ഈ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഐഎസിൽ ചേരാൻ പോയത് കണക്കുകൾ പ്രകാരം ഈ കൊച്ചു സംസ്ഥാനത്ത് നിന്നാണ്. അതിനകത്ത് യാതൊരു അസ്വഭാവികതയുമില്ലേ?. ഇതൊന്നുമല്ലാതെ കേരളം ഞെട്ടി എഴുന്നേറ്റിരുന്ന, ഇവിടുത്തെ ഭരണാധികാരികൾ ശ്രദ്ധിക്കേണ്ട കാര്യം 2008 ൽ സംഭവിച്ചിട്ടുണ്ട്. കശ്മീരിലെ കുപ്പുവാരയിൽ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് മലയാളിയായ തീവ്രവാദിയാണ്. അതിർത്തി കടന്ന് പാകിസ്ഥാനിൽ പോയി പരിശീലനം പൂർത്തിയാക്കിയ ആ തീവ്രവാദി ഈ കൊച്ച് കേരളത്തിൽ നിന്നുള്ളതാണ്. കാശ്മീരിൽ മരിച്ച തീവ്രവാദികൾ ഒന്നുകിൽ കശ്മീരുകാരായ തീവ്രവാദികളോ അല്ലെങ്കിൽ പാകിസ്ഥാനിൽ നിന്ന് വരുന്ന തീവ്രവാദികളോ ആണ്. ഈ രണ്ടു കൂട്ടരും അല്ലാതെ ഏതെങ്കിലും ഒരു മൂന്നാമത്തെ വിഭാഗം അവിടെ മരിച്ചിട്ടുണ്ടെങ്കിൽ അത് മലയാളികളാണ്. ഇത്രയും ഒക്കെ കാര്യങ്ങളും തെളിവുകളുമെല്ലാം മുന്നിലുണ്ടെങ്കിലും എല്ലാം മൂടിപ്പുതഞ്ഞ്, ഏതെങ്കിലും ഒരു അമ്പലത്തിൽ മറ്റു മതവിഭാഗക്കാരുടെ സദ്യ നടന്നാൽ അല്ലെങ്കിൽ ഒരു കല്യാണം നടന്നാൽ അതൊക്കെ നല്ല കാര്യമാണ്, എല്ലാ മതസ്ഥരും ഒരുമിച്ച് താമസിക്കുന്ന സംസ്ഥാനത്ത് ഇത്തരം കാര്യങ്ങളൊക്കെ നല്ലതാണ്. പക്ഷേ അത് കണ്ണടച്ചുകൊണ്ട് ഇതാണ് കേരളം മറ്റൊന്നും ഇവിടെ നടന്നിട്ടേയില്ല എന്ന് പറഞ്ഞു വച്ച് പൊതുബോധമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇത് വലിയ അപകടമാണ്. ഇതിന്റെ പിന്നിൽ റെഡ് ജിഹാദ് ആണ്. ഇത് കുറേക്കാലമായി ഇൻഫിൽട്രേഷൻ നടക്കുന്നുണ്ട്. അതിന്റെ ഫലമാണ് ഈ എക്കോ സിസ്റ്റം എക്കോ സിസ്റ്റമാണ് ഇന്ന് ഇങ്ങനെ ഒരു പൊതുബോധം ഉണ്ടാക്കുന്നത്.

പച്ചവെളിച്ചം പുതിയ കാര്യമല്ല. ഇവിടെ പത്ത് മുപ്പത് വർഷമായിട്ട് ഇത്തരം സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അത് പോലീസിൽ മാത്രമല്ല പോലീസിലും മറ്റ് ഭരണസംവിധാനങ്ങളിലും ഇത്തരം വെളിച്ചങ്ങളുണ്ട്. സംസ്ഥാന പോലീസിന് ഇത് സംബന്ധിച്ച റിപ്പോർട്ട് അന്ന് തന്നെ കേന്ദ്ര രഹസ്യന്വേഷണ വകുപ്പ് ഒക്കെ കൊടുത്തതാണ്. ഒന്നും സംഭവിച്ചില്ല. പച്ചവെളിച്ചമൊക്കെ എല്ലാകാലത്തും ഇവിടെയുണ്ട്. ആ ഇക്കോ സിസ്റ്റമാണ് ഇപ്പോൾ വളർന്നു പന്തലിച്ച് വളരെ ശക്തമായി ഇന്ന് രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നവർക്ക് പോലും കുട പിടിക്കുന്നത്. അതുകൊണ്ട് കേരള പോലീസിൽ ഇതൊക്കെ ചോർത്തി കൊടുക്കുന്നവർ സൈബർ സെല്ലിൽ ഉണ്ട് അവിടെയുണ്ട് ഇവിടെയുണ്ട് എന്നൊക്കെ പറയുമ്പോൾ ഒട്ടും അത്ഭുതമില്ലാത്തയാളാണ് ഞാൻ. അത് പോലീസിൽ മാത്രമല്ല മറ്റെല്ലാ സ്ഥലങ്ങളിലും ഉണ്ട്.

എല്ലാ തീവ്രവാദത്തിനും മതമില്ലായിരിക്കാം.പക്ഷേ നമ്മൾ ഇന്ന് നേരിടുന്ന തീവ്രവാദത്തിന് കൃത്യമായ മതമുണ്ട്, മതബോധമുണ്ട്, മതവിശ്വാസമുണ്ട്. അല്ലെങ്കിൽ മതത്തിന്റെ കൃത്യമായ ഒരു ഇന്റർപ്രട്ടേഷൻ ഉണ്ട്. തീവ്രവാദത്തിന് മതമില്ല തീവ്രവാദികളെ എല്ലാം ക്രിമിനൽസായി കാണണമെന്ന് പറഞ്ഞു കഴിഞ്ഞാൽ കേന്ദ്ര ഏജൻസികൾ അന്വേഷണ ഉദ്യോഗസ്ഥരും ഒക്കെ അവരെ ക്രിമിനൽസ് ആയിട്ടാണ് കാണുന്നത്. നമ്മൾ ഐപിസി അനുസരിച്ച് ഇവരെ ഏതു വകുപ്പിൽ പെടുത്തി ഇവരെ ചാർജ് ഷീറ്റ് ചെയ്യാം നമുക്ക് വിധി വാങ്ങിച്ചു കൊടുക്കാം ശിക്ഷ വാങ്ങിച്ചു കൊടുക്കാം എന്നാണ് നോക്കുന്നത്. പക്ഷേ യഥാർത്ഥത്തിൽ പുറത്തുള്ള തീവ്രവാദത്തിന് കൃത്യമായ മതമുണ്ട്.

തീവ്രവാദത്തിന് മതമില്ല എന്ന് പറയുന്നത് വളരെ അപകടകരമായ ഒരു കാര്യമാണ്. കാരണം ഇവിടെ നമ്മളെ സംബന്ധിച്ചിടത്തോളം നമ്മൾ നേരിടുന്ന വലിയ പ്രശ്നം സൈലൻസ് ഓഫ് മാസ് ആണ്. ഇവിടുത്തെ പൊതു ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഇസ്ലാമിക മതവിശ്വാസികൾ,അവരെയെല്ലാം തീവ്രവാദികളോ അല്ലെങ്കിൽ തീവ്ര ആശയങ്ങളോട് അവർക്ക് ബന്ധമുണ്ടെന്നോ, അനുകൂലിക്കുന്നുണ്ടെന്ന് ഞാൻ പറയില്ല. അങ്ങനെയാണെങ്കിൽ കേരളം ഇങ്ങനെ ആയിരിക്കില്ല ഇരിക്കുന്നത്. പക്ഷേ ഒരു വലിയ നിശബ്ദതയുണ്ട്. വളരെ ശക്തമായ ഒരു ചെറുത്തുനിൽപ്പ് കേരളത്തിലെ ആ സമുദായത്തിൽ നിന്ന് വന്നിരുന്നുവെങ്കിൽ ജോസഫ് മാഷിന്റെ കൈ വെട്ടിയ ആ സമയം തൊട്ടെങ്കിലും ഒരു വലിയ മാറ്റം ഉണ്ടായേനെ. ചേകന്നൂർ മൗലവിയുടെ കാര്യവും മാറാടും ഒക്കെ നമ്മൾ പറഞ്ഞു. അത് ഒരു ദശാബ്ദം പുറകിലാണ്. പക്ഷേ ഇങ്ങോട്ടുള്ള കാര്യങ്ങൾ അവിടെ പോലും, ഇവരെ മതത്തിൽ നിന്നും സമുദായത്തിൽ നിന്നും പുറത്താക്കാൻ ഇസ്ലാം മത വിശ്വാസികൾ ഇവിടെ വന്നിരുന്നുവെങ്കിൽ ഒരുപക്ഷേ കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായേനെ.

മദനിയുടെ കാര്യം, ഇതുപോലുള്ള കാര്യങ്ങളാണ് കേരളത്തിൽ വിസ്മയം. കാരണം ഇതുപോലെയുള്ള ഒരു വ്യക്തിയെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്യുക, മഹത്വവൽക്കരിച്ച് ഇത്രയും കിടന്നതിനാൽ അദ്ദേഹത്തിന്റെ തെറ്റുകളെല്ലാം മാപ്പാക്കണമെന്നോ അദ്ദേഹം വിശുദ്ധനായി മാറുകയാണെന്നൊക്കെ പറയുന്നവരുണ്ട്. അങ്ങനെയെങ്കിൽ പൂജപ്പുര സെൻട്രൽ ജയിലിൽ എത്രയോ പേർ വർഷങ്ങളായി കിടപ്പുണ്ട്. അവരൊക്കെ മഹാന്മാരായി മാറുമോ? ക്രിമിനൽ ആണെങ്കിൽ ക്രിമിനൽ ആയി തന്നെ അയാളെ കരുതേണ്ടതാണ്. പക്ഷേ അദ്ദേഹത്തിനായി ഇവിടെ നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം ഒക്കെ പാസാക്കുന്നു. ഇത് കേരളത്തിന്റെ ഇക്കോ സിസ്റ്റത്തിന്റെ പൊതുബോധത്തിന്റെ പ്രശ്നമാണ്. ഈ പൊതുബോധം ഇങ്ങനെ നിലനിർത്തുന്നതിൽ കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. ഇത്തരം വിഷയങ്ങൾ ചർച്ച ആകുന്നില്ല. ഇത് ഇസ്ലാമിക വിഷയമോ ഹിന്ദുമതത്തിന്റെ വിഷയമോ അല്ലെങ്കിൽ മറ്റൊന്നോ അല്ല. ഇത് കേരളത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. നമ്മളൊക്കെ സമാധാനപരമായി ഇവിടെ ജീവിക്കുന്നതിന് വരുന്ന വലിയ ഭീഷണിയാണ്. കേരളം ഇന്ന് ഒരു വലിയ അഗ്നിപർവതത്തിന്റെ മുകളിലാണ്. കേരളത്തിൽ വലിയതോതിൽ ആക്രമണങ്ങളും മറ്റ് കാര്യങ്ങളും നടക്കുന്നില്ലെങ്കിൽ അത് ഇപ്പോൾ ഇവിടെ നടത്തണ്ട എന്ന് ആരൊക്കെയോ തീരുമാനിച്ചത് കൊണ്ടാണ്. അല്ലാതെ അതില്ലാഞ്ഞിട്ടോ അതിനുള്ള സാധ്യതകൾ ഇല്ലാഞ്ഞിട്ടോ സൗകര്യങ്ങൾ ഇല്ലാഞ്ഞിട്ടോ അല്ല.

എല്ലാ ലേബലുകളും ഇവിടെയുണ്ട്. അതിന്റെ എല്ലാം പിന്നിലുള്ള പ്രേരക ശക്തി അല്ലെങ്കിൽ വിശ്വാസപ്രമാണം ഒന്നുതന്നെയാണ്. അൽ കൊയ്ദ ഉണ്ട് താലിബാനിസ്റ്റുകളുണ്ട്. ഇവർക്കെല്ലാം സ്ലീപ്പർ സെല്ലുകൾ ഉണ്ടെന്നാണ് പറയുന്നത്. അൽ നുസ്ര എന്ന് പറയുന്ന അൽ കൊയ്ദയുടെ അവാന്തര വിഭാഗത്തിൽ പോലും പോയി ചേരാൻ മലയാളികൾ ഉണ്ടായിരുന്നു. അപ്പോൾ എത്ര ഭീകരമാണ് കേരളത്തിലെ സിറ്റുവേഷൻ എന്ന് നമ്മൾ മനസ്സിലാക്കാത്തത് കൊണ്ടാണ് അല്ലെങ്കിൽ മനസ്സിലാക്കാത്തതായി ഉറക്കം നടിക്കുന്നത് കൊണ്ടാണ്. വോട്ട് ബാങ്ക് പൊളിറ്റിക്സിന്റെ പേരിൽ ഇത്തരം കാര്യങ്ങൾ അനുവദിച്ചു കൊടുത്ത എല്ലാ ഭരണാധികാരികളും അത് ലോകത്തെവിടെയായാലും വലിയ പാഠങ്ങളാണ് പഠിച്ചത് പക്ഷേ അത് നാടിനു കൂടി വലിയ ദോഷം ഉണ്ടാക്കിയിട്ടുണ്ട്. അമേരിക്ക തന്നെ തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെ സടകുടഞ്ഞ് എഴുന്നേറ്റത് 9/11 ഭീകരാക്രമണം നടന്നതിനുശേഷം ആണ്. അതിനുമുമ്പ് വരെ അവർ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഇവർക്കെല്ലാം വേണ്ടത് ചെയ്തു കൊടുത്ത ആൾക്കാരാണ്. അവരുടെ വീട്ടിൽ കയറി ആക്രമണം ഉണ്ടായപ്പോൾ മാത്രമാണ് അവർക്ക് ഭീകരവാദത്തോട് വലിയ എതിർപ്പ് വന്നത് . നമ്മളെ സംബന്ധിച്ചിടത്തോളം ഇത് നമ്മുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. കേരളത്തിലെ നിലനിൽപ്പിന്റെ പ്രശ്നമാണ്. കേരളം മറ്റൊരു കാശ്മീരായി മാറാതിരിക്കാൻ ഒരു പൊതുബോധം ആവശ്യമാണ്.

2018ൽ പി എഫ് ഐ നേതാക്കൾ തുർക്കിയിൽ പോയി IHHM നെ കണ്ടു എന്ന കാര്യം 2020ല്‍ എൻ ഐഎ പറഞ്ഞപ്പോഴാണ് നമ്മൾ അറിയുന്നത്. അപ്പോൾ ഇവിടുത്തെ സംസ്ഥാന പോലീസും സംസ്ഥാന ഭരണകൂടവും എന്തു ചെയ്യുകയായിരുന്നു?. IHHM ചെറിയ സംഘടന ഒന്നുമല്ല. ചാരിറ്റിയുടെ മറവിൽ ലോകമെമ്പാടുമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള സംഘടനയാണ്. എർദോഗന്റെ നേരിട്ടുള്ള രഹസ്യ പിന്തുണയിൽ പ്രവർത്തിക്കുന്ന സംഘടനയാണ്. സിറിയയിലേക്കും അൽ ഖൊയ്ദയ്ക്കും ആയുധങ്ങൾ കയറ്റി അയച്ച സംഘടനയാണ്. ഈ സംഘടനയും ആയിട്ടാണ് 2018 ൽ പിഎഫ്ഐ നേതാക്കൾ ചർച്ച നടത്തിയത്. അത് കേരളത്തിന്റെ അട്ടിമറിക്ക് മാത്രമല്ല ഭാരതത്തിന്റെ തന്നെ വലിയ തോതിലുള്ള അട്ടിമറിക്ക് വേണ്ടിയുള്ള ചർച്ചയായിരുന്നു. എൻ അയ്യേ പറയുമ്പോഴാണ് അത് അറിയുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പാസീവ് ആയ ഒരു ആറ്റിട്യൂഡാണ് ഇവിടുത്തെ ഭരണകൂടത്തിനുള്ളത്. അതിന് രാഷ്ട്രീയ കാരണങ്ങളുണ്ട്. പൊതുബോധത്തിന്റെ സൃഷ്ടിയുണ്ട്, അതിലേക്ക് എല്ലാവരും വീണു പോയിട്ടുണ്ട് ഇത് വലിയ ഒരു അപകടമാണ്.

ഒരു ഏജൻസി അല്ല സംസ്ഥാനത്തെ പൊതുബോധത്തിന് മാറ്റം വരുത്തേണ്ടത്, ഒരു ഏജൻസി അല്ല സംസ്ഥാനത്ത് വാ പൊളിച്ചു നിൽക്കുന്ന അപകടത്തെ കുറിച്ചുള്ള പൊതുബോധം സൃഷ്ടിക്കേണ്ടത്, അതിവിടത്തെ ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ചെയ്യണം. നിർഭാഗ്യവശാൽ അതിനെ ബിജെപിയെ പോലുള്ള പാർട്ടികളെ അല്ലാതെ മറ്റാരെയും രംഗത്ത് കാണാനില്ല. എല്ലാവരും ഫോബിയകളുടെ പേര് പറഞ്ഞ് പലതിനെ മൂടിവയ്ക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇത് വളരെ അപകടകരമാണ്. ” അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles