പാക് ഭീകര താവളങ്ങൾ തകർത്ത ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് നേതാക്കൾ ഒന്നടങ്കം സൈന്യത്തെ പിന്തുണച്ചത്. ഭീകരർക്കെതിരായ കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്ന് നേതാക്കൾ സർവകക്ഷി യോഗത്തിൽ ഉറപ്പുനൽകിയതായും പ്രമുഖ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു .

ബലാക്കോട്ടിലെ ജെയ്ഷെ ക്യാമ്പുകൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിന്റെ വിശദാംശങ്ങൾ സർവകക്ഷി യോഗത്തിൽ മന്ത്രി സുഷമ സ്വരാജ് വിശദീകരിച്ചു. എല്ലാ നേതാക്കളും വ്യോമസേനയെ അഭിനന്ദിച്ചതിലും രാഷ്ട്രീയത്തിന് അതീതമായി സർക്കാരിനെ പിന്തുണയ്ക്കാൻ തയ്യാറായതിലും സന്തോഷമുണ്ടെന്ന് യോഗത്തിനുശേഷം അവർ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുൺ ജെയ്റ്റ്ലി, പാർലമെന്ററികാര്യമന്ത്രി വിജയ് ഗോയൽ തുടങ്ങിയവർ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ടു വരുകയാണെന്നും ചൈനയിൽ എത്തിയശേഷം അവിടുത്തെയും റഷ്യയിലെയും വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.